parayakadu-kuttukadu-
വെള്ളക്കെട്ട് രൂക്ഷമായ പറയകാട് - കൂട്ടുകാട് റോഡ്

പറവൂർ: ചെറിയൊരു മഴ പെയ്താൽ റോഡ് കുളമാകുന്ന അവസ്ഥയാണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലുള്ള പറയകാട് - കൂട്ടുകാട് റോഡ്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ട് നാളേറെയായി. മഴയ്ക്ക് മുമ്പ് നന്നാക്കാൻ രണ്ട് തവണ ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ ആരും ഏറ്റെടുത്തില്ല. ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് നിരവധി പ്രദേശങ്ങളിലുള്ളവരുടെ പ്രധാന വഴിയാണ്. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്താൽ കാൽനടയാത്രക്കാർക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. സൈക്കിൾ യാത്രക്കാരും ഇരുചക്രവാഹനങ്ങളും വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ പോകുന്നത്. റോഡ് അറ്റകുറ്റപ്പണി നടത്തി അധികൃതർ എത്രയുംവേഗം യാത്രായോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.