* വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: 2026 ഫെബ്രുവരി 28നകം നഗരത്തിലെ 71 അപ്പാർട്ട്മെന്റുകൾ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഒരുക്കേണ്ടതാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഉറപ്പുനൽകി 57 അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ മലിനീകരണ നിയന്ത്രണ ബോർഡിന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 14 അപ്പാർട്ട്മെന്റുകൾ സത്യവാങ്മൂലം നൽകാനുണ്ടെന്നും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സീനിയർ ഗവ. പ്ളീഡർ എസ്. കണ്ണൻ വഴി ഫയൽചെയ്ത റിപ്പോർട്ടിൽ വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ പരിഗണിക്കുന്ന കേസിലാണ് വിശദീകരണം.

സ്വീവേജ് ട്രീറ്റ്‌മെന്റ് സൗകര്യമില്ലാത്ത അപ്പാർട്ടുമെന്റുകൾക്ക് നേരത്തെ മലിനീകരണ നിയന്ത്രണബോർഡ് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയിരുന്നു. വൈദ്യുതി വിച്ഛേദിക്കാനും നിർദ്ദേശിച്ചിരുന്നു.
ഇതിനെതിരെ അപ്പാർട്ടുമെന്റ് ഉടമകൾ നൽകിയ ഹർജിയിൽ കോടതി സാവകാശം അനുവദിച്ചു. മാലിന്യട്രീറ്റുമെന്റ് സൗകര്യം എപ്പോൾ ഒരുക്കുമെന്ന് വ്യക്തമാക്കി മലിനീകരണ നിയന്ത്രണബോർഡിന് സത്യവാങ്മൂലം നൽകണമെന്ന നിർദ്ദേശത്തോടെയായിരുന്നു ഇത്.
ഏകദേശം എട്ടരലക്ഷം ആളുകളാണ് കൊച്ചി നഗരത്തിലുള്ളത്. ഒരാൾ ദിവസം 150ലിറ്റർവെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനുപുറമെ വന്നുപോകുന്നവരുമുണ്ട്. അവരും ശരാശരി 70ലിറ്റർവെള്ളം ഉപയോഗിക്കുന്നു. ഇതിലേറെയും മലിനജലമായി മാറുകയാണ്.
കോർപ്പറേഷനുകീഴിൽ രണ്ട് മലിനജല ട്രീറ്റുമെന്റ് പ്ലാന്റുകളാണുള്ളത്. ഇതിലൂടെ നഗരത്തിലെ 40ശതമാനം മലിനജലം ശുചീകരിക്കാനേ കഴിയൂ.
നിലവിൽ 1620കോടിരൂപയുടെ പദ്ധതികൾ നടക്കുന്നുണ്ട്. കനാലുകളുടെ ശുചീകരണമടക്കമാണിത്. ഇത് പൂർത്തിയാകാൻ അഞ്ചുവർഷമെടുക്കുമെന്നും തദ്ദേശവകുപ്പ് സെക്രട്ടറി വിശദീകരിച്ചു.
വിഷയം ഇന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.