കാക്കനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പാറക്കടവ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള പുനർനറുക്കെടുപ്പ് നാളെ രാവിലെ 11.30ന് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടക്കും. പാറക്കടവ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ച് ഒക്ടോബർ 18 ന് പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കളക്ടർ ജി. പ്രിയങ്ക റദ്ദാക്കി. ഒക്ടോബർ 18 ലെ നറുക്കെടുപ്പിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ സമർപ്പിച്ച വിവരങ്ങളിലുണ്ടായിരുന്ന തെറ്റുകൾ തിരുത്തി വീണ്ടും സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.