കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് ശിഷ്യന്മാരും വിവിധ സാംസ്കാരിക സംഘടനകളും വ്യത്യസ്ത ചടങ്ങുകൾ സംഘടിപ്പിച്ചു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കാരിക്കാമുറിയിലെ 'സന്ധ്യ'യിലെത്തി ഗുരുനാഥന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. എം.കെ. സാനു ജീവിച്ചിരുന്നപ്പോൾ എല്ലാ വിശേഷദിവസങ്ങളിലും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരവ് അർപ്പിക്കാറുള്ള ശിഷ്യനാണ് ദേവൻ രാമചന്ദ്രൻ. ഇത്തവണ അത് ഗുരുനാഥന്റെ അഭാവത്തിലായെന്നു മാത്രം. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാനുമാഷ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അതിനാലാണ് പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിലും വസതിയിൽ എത്തിയതെന്ന് ദേവൻ രാമചന്ദ്രൻ കുടുംബാംഗങ്ങളോട് പറഞ്ഞു.

റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജന്മദിനം 'സാനു ജയന്തി'യായി ആചരിച്ചു. ഡോ. ടി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ സുധ ദിലീപ്കുമാർ, റാക്കോ ഭാരവാഹികളായ സേവ്യർ തായങ്കേരി, കെ.എസ്. ദിലീപ്കുമാർ, ഏലൂർ ഗോപിനാഥ്, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.

പ്രബോധട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രൊഫ.എം.കെ. സാനു പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ചടങ്ങ് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. പ്രൊഫ. വിനോദ്കുമാർ കല്ലോലിക്കൽ അദ്ധ്യക്ഷനായി. പ്രൊഫ. എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.കെ. സാനുവിന്റെ മകൾ എം.എസ്. ഗീത, പ്രോബോധട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻകുമാർ, ഡോ.കെ. രാധാകൃഷ്ണൻ, കുമാരനാശാൻ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.