പെരുമ്പാവൂർ: ശനിയാഴ്ച രാത്രി പെരിയാറിൽ കോടനാട് പാലത്തിനു സമീപം ഒഴുക്കിൽപ്പെട്ട മൂന്നു പേരെ സിവിൽ ഡിഫൻസ് അംഗം തോട്ടുവ പള്ളത്ത് വീട്ടിൽ പി.ബി. വിനോദ് കുമാർ സാഹസികമായി രക്ഷപ്പെടുത്തി. കോടനാട് സ്വദേശികളായ അനന്ദു സുരേഷ് (30), ആഷിക്ക് (22), തോമസ് (40 ) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് മത്സ്യബന്ധനത്തിനായി വല ഇടുമ്പോൾ പെട്ടെന്ന് വെള്ളം പൊന്തി മൂവരും ഒഴുക്കിൽപ്പെട്ടത്. കുത്തൊഴുക്കിൽപ്പെട്ട ഇവർ പുഴയുടെ മദ്ധ്യത്തിലുള്ള തുരുത്തിലെ ഒരു മരക്കൊമ്പിൽ തട്ടിയതോടെ അതിൽ തൂങ്ങിക്കിടന്നു. രാത്രിയായതിനാൽ അപകടവിവരം ആരും അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് നാട്ടുകാരിൽ ചിലർ ഇവർ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം സിവിൽ ഡിഫൻസ് അംഗമായ വിനോദിനെ അറിയിച്ചു. ഉടൻ തന്നെ കുത്തൊഴുക്കിനെ വകവയ്ക്കാതെ വിനോദ് എൻജിൻ ഘടിപ്പിച്ച വള്ളവുമായി തുരുത്തിലെത്തി മൂന്നുപേരെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

2018 ലെ പ്രളയകാലത്ത് വിവിധ സ്ഥലങ്ങളിൽ 200 ലധികം പേരെ രക്ഷപ്പെടുത്തിയ വിനോദിനെ 2022ൽ ഫയർ ആൻഡ് റസ്ക്യൂ ദിനത്തിൽ അന്നത്തെ ഡയറക്ടർ ജനറൽ ബി. സന്ധ്യ ബാഡ്ജ് ഒഫ് ഓണർ നൽകി ആദരിച്ചു. 2019ലെ പ്രളയത്തിലും വിനോദ് നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. ചെല്ലാനത്ത് കടൽ ക്ഷോഭത്തിനിരയായവർക്ക് സഹായം എത്തിച്ചതിലും വിനോദിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ നിന്നുള്ള സംഘമുണ്ടായിരുന്നു. 2022ൽ പെരിയാറിൽ മലയാറ്റൂർ ഭാഗത്ത് മുങ്ങിത്താഴ്ന്ന രണ്ടു കുട്ടികളിൽ ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതും വിനോദിന്റെ ധൈര്യം കൊണ്ടുമാത്രമായിരുന്നു.