
കാക്കനാട്: മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഫോർട്ട് കൊച്ചി -ആലുവ റൂട്ടിലും ഫോർട്ട് കൊച്ചി -പുക്കാട്ടുപടി റൂട്ടിലും സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസാണ് ആർ.ടി.ഒ. സസ്പെൻഡ് ചെയ്തത്.
തേവര ആലുവ റൂട്ടിൽ ഓടുന്ന അക്ഷയ് -അലീന ബസിന്റെ ഡ്രൈവർ അബ്ദുൾ നഹാസ്, പുക്കാട്ടുപടി-ഫോർട്ട് കൊച്ചി റൂട്ടിൽ ഓടുന്ന ഷഹാന ബസിന്റെ ഡ്രൈവർ മാത്യു ജോസഫ് എന്നിവരുടെ ലൈസൻസുകൾ സസ്പെന്റ് ചെയ്യുകയും രണ്ടു ബസുകളുടെയും പെർമിറ്റുകൾ സസ്പെൻഡ് ചെയ്യുവാൻ ആർ.ടി. എ ബോർഡിൽ റിപ്പോർട്ട് നൽകുമന്നും ആർ.ടി.ഒ പറഞ്ഞു. എറണാകുളത്ത് നിന്ന് പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന ബസുകളുടെ മത്സരയോട്ടം കണ്ട വഴിയാത്രക്കാരൻ ദൃശ്യം പകർത്തി ആർ.ടി.ഒക്ക് അയച്ചു കൊടുത്തപ്രകാരമാണ് നടപടി. വളരെ അപകടകരമായ വിധം ബസ് ഓടിച്ച് ഓവർ ടേക്ക് ചെയ്യുന്നതിനിടെ രണ്ടു ബസുകളും തമ്മിൽ ഉരസി നിന്നു. ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത തേവര വെണ്ടുരുത്തി പാലത്തിലാണ് സംഭവം.