komalam-
കോമളം

പറവൂർ: മദ്യപിച്ച് വീട്ടിലെത്തിയെ ഭർത്താവ് ഇരുമ്പുകമ്പികൊണ്ട് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പറവൂർ വെടിമറ തോപ്പിൽപറമ്പിൽ കോമളമാണ് (58) മരിച്ചത്. ഭർത്താവ് ഉണ്ണിക്കൃഷ്ണനെ (65) പറവൂർ പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം. മദ്യപിച്ചെത്തിയ ഉണ്ണിക്കൃഷ്ണൻ ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതിനിടെ ഇരുമ്പുകമ്പികൊണ്ട് കോമളത്തെ അടിച്ചു. തടയാൻചെന്ന മാനസിക ദൗർബല്യമുള്ള മകൻ ഷിബുവിനും അടിയേറ്രു. അടിയേറ്റ് നിലത്തുവീണ കോമളത്തെ നാട്ടുകാർ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവമറിഞ്ഞെത്തിയ പൊലീസിനെ കണ്ട് വീടിന്റെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. ചുമട്ട് തൊഴിലാളിയായിരുന്ന ഉണ്ണിക്കൃഷ്ണന് ഇപ്പോൾ കൂലിപ്പണിയാണ്. വീട്ടിൽ പതിവായി വഴക്കുണ്ടാക്കുകയും ഭാര്യയെ മർദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. എട്ടുമാസംമുമ്പ് മകന്റെ ശരീരത്തിൽ തിളച്ചവെള്ളം ഒഴിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ റിമാൻഡിലായിട്ടുണ്ട്.

unnikrishnan
പ്രതി ഉണ്ണിക്കൃഷ്ണൻ

ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായിരുന്നു കോമളം. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്റ്റിന് ശേഷം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. മകൾ: ഷോബി.