ആലുവ: വെളിയത്തുനാട് തന്ത്രവിദ്യാപീഠം സ്ഥാപകൻ മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓക്ടോബർ 31 മുതൽ നവംബർ അഞ്ച് വരെ വേദ ആഗമ ശാസ്ത്ര വിഷയങ്ങളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി തിയന്നൂർ ശങ്കരനാരായണ പണിക്കർ, പ്രിൻസിപ്പൽ ബാലകൃഷ്ണ ഭട്ട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മഹർഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാനത്തിന്റെയും തന്ത്രവിദ്യാപീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം പണ്ഡിതർ പങ്കെടുക്കും. 31ന് രാവിലെ 11.30ന് സമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
നവംബർ ഒന്നിന് വൈകിട്ട് 6.30ന് തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂർണ്ണാ നദീപൂജ. രണ്ടിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സമ്മേളനം സ്വാമി പാർത്ഥസാരഥി ഭാരത ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകിട്ട് ആഗമ തന്ത്രശാസ്ത്ര സെമിനാർ ഡോ. എം.വി. നടേശൻ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് രവിലെ 11ന് കേന്ദ്രീയ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശ്രീനിവാസ വരക്കേഡി ആഗമതന്ത്ര ശാസ്ത്ര ബിരുദ കോഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തും. ദിവസവും വൈകിട്ട് ഏഴിന് വിവിധ കലാപരിപാടികളും നടക്കും.
തന്ത്രവിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് സുബ്രഹ്മണ്യശർമ്മ, പി.എസ്. മനോജ് കുമാർ, കെ. ഗോപകുമാർ കുഞ്ഞി എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
ആചാര്യ സ്മൃതിദിനം മൂന്നിന്
തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനം നവംബർ മൂന്ന് ആചാര്യസ്മൃതി ദിനമായി ആചരിക്കും. രാവിലെ ഏഴിന് മണ്ണാറശാല സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, സംഗീത സദസ് എന്നിവക്ക് ശേഷം നടക്കുന്ന സമ്മേളനം മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി. കൃഷ്ണൻ ഭട്ടതിരിപ്പാട്, തോട്ടം കൃഷ്ണൻ നമ്പൂതിരി, വി. രാമചന്ദ്ര അയ്യർ എന്നിവർക്ക് ആചാര്യ പുരസ്‌കാരങ്ങൾ സമ്മാനിക്കും.