
ആലുവ: ത്രിതല തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതോടെ പഞ്ചായത്തുകളിലും നഗരസഭകളിലുമെല്ലാം പ്രതിപക്ഷ കക്ഷികൾ സമരച്ചൂടിയാലാണ്. അഴിമതി, കെടുകാര്യസ്ഥത എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാണ്. എൽ.ഡി.എഫ് ഭരിക്കുന്നിടത്തെല്ലാം യു.ഡി.എഫും യു.ഡി.എഫ് ഭരിക്കുന്നിടത്ത് എൽ.ഡി.എഫും സമരരംഗത്തുണ്ട്. സ്വാധീനമുള്ള മേഖലയിൽ ബി.ജെ.പിയുടെ സമര വീര്യവും ദൃശ്യം.
റോഡ് ടാറിംഗും കാന നവീകരണവും വിഷയമാകുമ്പോൾ ജനപ്രിയ പദ്ധതികൾ ഉയർത്തിക്കാട്ടി തലയൂരാനുള്ള പെടാപാടിലാണ് ഭരണമുന്നണികൾ.
ആലുവ നഗരസഭ, കീഴ്മാട്, എടത്തല, ചൂർണിക്കര, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകളിലെല്ലാം പ്രതിപക്ഷം സമരം ആരംഭിച്ചിട്ടുണ്ട്. ആലുവ നഗരസഭയിൽ പ്രതിപക്ഷ റോൾ ബി.ജെ.പിയാണ് നിർവഹിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു
ആലുവ നഗരസഭയിൽ ബി.ജെ.പി ഉപരോധം
അഴിമതിക്കെതിരെ ബി.ജെ.പി കൗൺസിലർമാർ നഗരസഭാ ചെയർമാനെ ഉപരോധിച്ചത് ബഹളത്തിൽ കലാശിച്ചു. തടഞ്ഞുവച്ച ചെയർമാനെ കോൺഗ്രസ് കൗൺസിലർമാരും പൊലീസിസും ചേർന്നാണ് കൗൺസിൽ ഹാളിലേക്കെത്തിച്ചത്. കൗൺസിൽ യോഗത്തിൽ ബി.ജെ.പി അംഗങ്ങൾ നഗരസഭാ ശതാബ്ദി അഴിമതി, വള്ളംകളി അഴിമതി, ഫൗണ്ടൻ അഴിമതി എന്നിവ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ മറുപടി നൽകാതിരുന്നത് പ്രതിഷേധം രൂക്ഷമാക്കി.
ചെയർമാനെ സംരക്ഷിച്ച് കോൺഗ്രസ് കൗൺസിലർമാരും ഇടപെട്ടതോടെ ഉന്തുംതള്ളുമായി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ബി.ജെ.പി കൗൺസിലർമാരെ പുറത്താക്കി. കൗൺസിൽ ഹാളിന് പുറത്തും പ്രതിഷേധിച്ച ബി.ജെ.പിക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ഇന്ദിരദേവി, നേതാക്കളായ എ. സെന്തിൽ കുമാർ, സോമശേഖരൻ കല്ലിങ്ങൽ, ലാൽജി വാമദേവൻ, അനൂപ് ചുണങ്ങംവേലി, ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഏറെക്കാലമായി ബി.ജെ.പി പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്ന കൗൺസിലർ പി.എസ്. പ്രീത വീണ്ടും സജീവമായി.
സമര പ്രഹസനമെന്ന് എൽ.ഡി.എഫ്
ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലുള്ള വിഷയങ്ങൾ ഉന്നയിച്ച് ബി.ജെ.പി നടത്തുന്നത് സമര പ്രഹസനമാണെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ശ്രീലത വിനോദ്കുമാർ ആരോപിച്ചു. കൗൺസിലിനെ നോക്കുകുത്തിയാക്കി ചെയർമാൻ പ്രഖ്യാപനങ്ങൾ നടത്തുന്ന സാഹചര്യത്തിൽ ശതാബ്ദി ആഘോഷത്തിൽ നിന്ന് എൽ.ഡി.എഫ് വിട്ടുനിന്നിരുന്നു. ചെയർമാന്റെ നിലപാടിനോട് ഞങ്ങൾക്ക് യോജിപ്പുമില്ല. എന്നാൽ അന്വേഷണം നടക്കുന്ന വിഷയം ഉന്നയിച്ച് കൗൺസിൽ തടസപ്പെടുത്തുന്ന ബി.ജെ.പി നടപടിയോട് യോജിക്കാനാകില്ല.
കോൺഗ്രസ് കൗൺസിലർമാർ മർദ്ദിച്ചെന്ന് ബി.ജെ.പി
നഗരസഭയിലെ അഴിമതിക്കെതിരെ സമരം നടത്തിയ ബി.ജെ.പിയുടെ മൂന്ന് വനിതാ കൗൺസിലർമാരെയും പാർലമെന്ററി പാർട്ടി നേതാവിനെയും കോൺഗ്രസ് കൗൺസിലർമാർ മർദ്ദിച്ചെന്ന് പരാതി. മർദ്ദനമേറ്റ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, പി.എസ്. പ്രീത, ഇന്ദിരാദേവി എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.