
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിളിച്ച യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മില്ലുടമകളുമായി ചർച്ച നടത്താതെ എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ചോദിച്ച മുഖ്യമന്ത്രി അവരില്ലാതെ ചർച്ച പൂർണമാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ സി.പി.ഐ മന്ത്രിമാരടക്കം പങ്കെടുത്ത യോഗം അതിവേഗം അവസാനിപ്പിച്ചു. മില്ലുടമകളെ പങ്കെടുപ്പിച്ച് ഇന്നു രാവിലെ 10ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും യോഗം ചേരും.
നെൽ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ 22ന് കേരളകൗമുദി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു അടിയന്തര യോഗം വിളിച്ചത്. മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ.ബാലഗോപാൽ, കെ. കൃഷ്‌ണൻകുട്ടി, പി. പ്രസാദ്, വകുപ്പ് ഡയറക്‌ടർമാർ, കർഷക പ്രതിനിധികൾ, സപ്ളൈകോ പാഡി ഓഫീസർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവരാണ് ഇന്നലെ യോഗത്തിൽ പങ്കെടുത്തത്.
മില്ലുടമകളെ വിളിച്ചില്ലേയെന്ന് യോഗം തുടങ്ങിയപ്പോൾ മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്ന് ജി.ആർ. അനിൽ അറിയിച്ചു. യോഗ തീരുമാനം മില്ലുടമകളെ അറിയിക്കാം. മുമ്പ് അവരുമായി ചർച്ച നടത്തിയതാണെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പോയതോടെ സി.പി.എം-സി.പി.ഐ തർക്കത്തിന്റെ ഭാഗമായി സംഭവം വ്യാഖ്യാനിക്കപ്പെട്ടു. താൻ ഇടപെട്ടിട്ടും സി.പി.ഐ അയയാത്തതിന്റെ നീരസം പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നായിരുന്നു സംസാരം.
നെൽ കർഷകരുടെ പ്രശ്നം വേഗം തീർക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. താൻ മസ്കറ്റ് സന്ദർശനം കഴിഞ്ഞു വന്നാലുടൻ യോഗം വിളിക്കാനായിരുന്നു നിർദ്ദേശം. ആ യോഗമാണ് മില്ലുടമകളെ വിളിക്കാതെ ഇന്നലെ ചേർന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രം ചർച്ച ചെയ്താൽ തീരുന്നതായിരുന്നില്ല പ്രശ്നം. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാമെന്ന് മില്ലുടമകൾ അറിയിച്ചിട്ടുണ്ട്.
പ്രശ്നങ്ങൾ ഉന്നയിച്ച്
കേരളകൗമുദി
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 'നെൽകർഷകരോട് കരുണ കാട്ടണം' എന്ന എഡിറ്റോറിയലും റിപ്പോർട്ടുകളും കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. കൃഷി നഷ്‌ടമായതോടെ കൃഷിയിടങ്ങൾ നികത്തുന്നതടക്കം കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.