കൂത്താട്ടുകുളം: ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായ ഇ.എസ്.ഐ. ഡിസ്‌പെൻസറി കൂത്താട്ടുകുളം മേഖലയിൽ യാഥാർത്ഥ്യമാകുന്നു. ഡിസ്‌പെൻസറിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഇ.എസ്.ഐ. കോർപ്പറേഷൻ അറിയിപ്പ് നൽകിയിട്ടുണ്ട്. 2016ൽ നഗരസഭാ ചെയർമാനായിരുന്ന പ്രിൻസ് പോൾ ജോൺ നൽകിയ നിവേദനത്തെ തുടർന്നാണ് കൂത്താട്ടുകുളത്ത് ഇ.എസ്.ഐ. ഡിസ്‌പെൻസറിക്കുള്ള നടപടികൾ ആരംഭിച്ചത്. 2017ൽ സംസ്ഥാനത്ത് 7 ഇടങ്ങളിൽ ഡിസ്‌പെൻസറിക്ക് അനുമതി ലഭിച്ചു. കൂത്താട്ടുകുളത്ത് മൂന്ന് ഡോക്ടർമാരും മറ്റിടങ്ങളിൽ 2 ഡോക്ടർമാരും ഉൾപ്പെടുന്ന ഡിസ്‌പെൻസറിക്കാണ് അനുമതി ലഭിച്ചത്.
നിയമനം നടന്നില്ല, പദ്ധതി വൈകി
8 വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടി ഉണ്ടായില്ല. പുതിയ നിയമനം നടത്താൻ ധനകാര്യ വകുപ്പ് അനുമതി നൽകാത്തതിനാലാണ് എട്ട് വർഷത്തോളം നടപടികൾ വൈകിയത് എന്നാണ് വിവരം.
നഗരസഭ മുൻകൈയെടുത്ത് സ്ഥലം കണ്ടെത്തി നൽകുമെന്ന് നഗരസഭാ അധ്യക്ഷ കലാ രാജു, വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ എന്നിവർ പറഞ്ഞു.
കെട്ടിടത്തിനായി വേണ്ട വിവരങ്ങൾ
1. 2150 സ്‌ക്വയർ ഫീറ്റിൽ കുറയാത്ത വിസ്തീർണ്ണം വേണം.
2. ഡിസ്‌പെൻസറി പ്രവർത്തിക്കുന്നതിനുവേണ്ട അത്യാവശ്യ സൗകര്യങ്ങളുള്ള കെട്ടിടമാണ് ആവശ്യം.