കൊച്ചി: കോർപ്പറേഷനിലെ ദേവൻകുളങ്ങര 32-ാം ഡിവിഷൻ സ്ത്രീ സംവരണമായി നിലനിറുത്തിയത് പുനപ്പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. പഴയ 38-ാം ഡിവിഷന്റെ 82.59 ശതമാനം ഭാഗവും ഉൾപ്പെടുത്തിയതാണ് പുതിയ 32-ാം ഡിവിഷനെന്നും 2020ലെ തിരഞ്ഞെടുപ്പിൽ 38-ാം ഡിവിഷൻ വനിതാ സംവരണമായിരുന്നതിനാൽ ഇത്തവണ ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് മുൻ കൗൺസിലർ കെ.എ. വിജയകുമാർ ഫയൽചെയ്ത ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. ഇതിനെത്തുടർന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹർജി തീർപ്പാക്കി.

വാർഡ് സ്ത്രീസംവരണമാക്കിയതിൽ ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്ന അപാകതയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് പുനപ്പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായിരിക്കുന്നത്. ഇതിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകും. വാർഡിന്റെ കാര്യത്തിൽ മാറ്റമുണ്ടാകുമോ എന്നത് അപ്പോഴേ അറിയാനാകു. മാറ്റമുണ്ടെങ്കിൽ മറ്റ് ഡിവിഷനുകളുടെ കാര്യത്തിലും അത് ബാധകമായേക്കും.
38-ാം ഡിവിഷൻ കഴിഞ്ഞതവണ സംവരണമായിരുന്നതിനാൽ 32-ാം ഡിവിഷനെ ഇത്തവണ സംവരണഡിവിഷനുകൾ കണ്ടെത്താനുള്ള നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കണമായിരുന്നെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ ഡയറക്ടറാണ് (അർബൻ) 32-ാം ഡിവിഷനെ നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.