കൊച്ചി: മറൈൻഡ്രൈവ് വൃത്തിയായി സംരക്ഷിക്കുന്നതിന് മോണിട്ടറിംഗ് കമ്മിറ്റിക്ക് രൂപം നൽകുന്നതിൽ കാലതാമസമുണ്ടായത് എന്തുകൊണ്ടെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ മറ്റ് നിർദ്ദേശങ്ങൾ എന്ന് നടപ്പാക്കുമെന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. വിഷയം 30ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഏപ്രിലിലാണ് മേൽനോട്ടസമിതിക്ക് രൂപംനൽകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൽ നടപടി ഉണ്ടാകാത്തതിനാൽ കോടതിഅലക്ഷ്യഹർജി ഫയൽചെയ്തതിനെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഒക്ടോബർ 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ കാലതാമസത്തിന് കാരണം എന്തെന്ന് അറിയിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ചിറ്റൂർറോഡിൽ താമസിക്കുന്ന രഞ്ജിത് ജി.തമ്പിയാണ് സീനിയർ അഭിഭാഷകൻ ജാജുബാബു മുഖേന മറൈൻഡ്രൈവിന്റെ സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശ പ്രകാരം 'കൊച്ചി മറൈൻഡ്രൈവ് മോണിട്ടറിംഗ് കമ്മിറ്റി' എന്ന പേരിലാണ് ജില്ലാകളക്ടർ അദ്ധ്യക്ഷനായ സമിതിക്ക് ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്.
മേൽനോട്ടസമിതി പ്രവർത്തനങ്ങൾ ഏകോപിക്കാൻ നോഡൽ ഓഫീസർ, പ്രത്യേക പ്രോട്ടോക്കോൾ, വർഷത്തിൽ രണ്ട് തവണയെങ്കിലും യോഗം, പരാതികൾ അറിയിക്കുന്നതിനായി ഫോൺനമ്പർ, ഇ- മെയിൽ, സാമൂഹികമാദ്ധ്യമ അക്കൗണ്ട് എന്നിവ വേണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതിൽ ഫോട്ടോയടക്കം അപ്‌ലോഡ് ചെയ്യാൻ കഴിയണം. ഉന്നയിക്കുന്ന പരാതികളിൽ നടപടി സ്വീകരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിലുള്ള നടപടികൾ എത്ര സമയത്തിനുളളിൽ ഉണ്ടാകുമെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.