vairamani

ആലുവ: വീട് ജപ്തി ചെയ്തതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ അടങ്ങുന്ന കുടുംബം ബാങ്കിന് മുന്നിൽ കുത്തിയിരിപ്പ് ആരംഭിച്ചു. ആലുവ ചാലക്കൽ എം.എൽ.എ പടിയിൽ താമസിക്കുന്ന കുഴിക്കാട്ടുമാലി കെ.കെ. വൈരമണിയുടെ അഞ്ച് സെന്റ് സ്ഥലവും വീടുമാണ് ആലുവ അർബൻ കോപ്പറേറ്റീവ് ബാങ്ക് ഇന്നലെ ഉച്ചയോടെ മൂന്നാം തവണയും ജപ്തി ചെയ്തത്.

ആലുവയിൽ തുണിക്കട നടത്തുന്ന വൈരമണിയും ഭാര്യ വത്സലയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്കിന് മുന്നിൽ വൈകിട്ട് മുതൽ കുത്തിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥർ അഞ്ചരയോടെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് പൂട്ടിപ്പോയി. പൊലീസും മടങ്ങിപ്പോയി. ജപ്തിക്ക് ഇരയായ കുടുംബം ബാങ്കിന് മുമ്പിൽ സമരം തുടരുകയാണ്. മൂത്തമകൻ വിജേഷ് 80 ശതമാനം ഭിന്നശേഷിക്കാരനാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 31ന് പട്ടികവർഗ കുടുംബത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന പേരിൽ വീട് പൂട്ടി സീൽ ചെയ്തിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് എട്ട് മണിക്കൂറിന് ശേഷം വീട് തുറന്നു കൊടുത്തു. 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കേസ്.

2017ൽ 10 വർഷ കാലാവധിക്ക് 10 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഒമ്പത് ലക്ഷത്തോളം അടച്ചെന്നും പലിശ കണക്കാക്കിയതിലെ പാകപ്പിഴ ചോദ്യം ചെയ്തതിന് ബാങ്ക് നടത്തുന്ന പ്രതികാര നടപടിയാണിതെന്നുമാണ് വീരമണി പറയുന്നത്.

10 ലക്ഷത്തോളം രൂപ വായ്പ എടുത്ത ശേഷം 5.36 ലക്ഷം രൂപയാണ് ഇതുവരെ വൈരമണി തിരിച്ചടച്ചതെന്ന് ബാങ്ക് അധികൃതർ പറയുന്നു. 2020ന് ശേഷം തിരിച്ചടച്ചില്ല.

2021ൽ 8.57 ലക്ഷമായി ഉയർന്നു. 2022ൽ ബാങ്ക് കോടതിയെ സമീപിച്ചപ്പോൾ കമ്മിഷനെ നിയമിച്ചു. 2023 ആഗസ്റ്റിൽ വീടും സ്ഥലവും ജപ്തി ചെയ്തെങ്കിലും വാതിൽ കുത്തിതുറന്ന് വൈരമണി അകത്ത് കയറി. 2024 ഒക്‌ടോബർ 31ന് വീണ്ടും ജപ്തി ചെയ്തെങ്കിലും അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ട് തുറന്നു നൽകി.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം കമ്മീഷൻ മൂന്നാം വട്ടമാണ് ജപ്തി ചെയ്യുന്നത്. ഇത്തവണ സോഷ്യൽ ജസ്റ്റിസ് ക്ഷേമ വകുപ്പിന്റെ സാന്നിദ്ധ്യത്തിൽ നോർത്ത് പറവൂരിലെ കേന്ദ്രത്തിലേക്ക് മകനോടും അമ്മയോടും താമസം മാറാൻ അഭ്യർത്ഥിച്ചതായി ജനറൽ മാനേജർ ഷെല്ലി ജോസഫ് പറഞ്ഞു. എന്നാൽ കുടുംബം തയ്യാറായില്ല.