
വെങ്ങോല: പൂനൂർ നെല്ലുത്പാദക സമിതിയുടെ കീഴിലുള്ള പഞ്ചായത്തിലെ 12, 13 വാർഡുകളിൽ തരിശായി കിടക്കുന്ന നാലര ഏക്കർ നെൽവയലിന്റെ നെല്ലുൽപ്പാദനം പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഏഴു ചെറുപ്പക്കാരുടെ കർഷക കൂട്ടായ്മ. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പി.വി. സനൽ, എം.എ. അനൂപ്, അനൂപ് അരവിന്ദ്, വി.വി. സനൽ, പി.വി. റെജി, വി.എസ്. ബാവ, ജീബി നോജി, പി.വി. അഭിലാഷ് അരവിന്ദ് എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഇവരിൽ പി.വി. സനൽ എൻജിനിയറാണ്. മറ്റുള്ളവർ വിവിധ വിഭാഗം കോൺട്രാക്ടർമാരും പത്ര ഏജന്റുമാരുമാണ്.
ആകെ 56 ഏക്കറോളമുള്ള പൂനൂർ പാഠശേഖരത്തിൽ 10 ഏക്കറോളം മണ്ണിട്ട് നികത്തപ്പെട്ടു. അവശേഷിക്കുന്ന 46 ഏക്കർ നെൽവയലിന്റെ ബഹുഭൂരിപക്ഷവും കഴിഞ്ഞ 10 വർഷത്തിലധികമായി കാടുകയറി കിടക്കുകയാണ്.
അടുത്ത പ്രാവശ്യത്തോടെ പൂനൂർ പാടശേഖരം മൊത്തത്തിൽ കൃഷി ചെയ്യുമെന്ന തീരുമാനത്തിലാണ് കൂട്ടായ്മാ അംഗങ്ങൾ. ഇവർക്ക് പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്.