പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നടത്തുന്ന പുതുലഹരിക്ക് ഒരു വോട്ട് എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ‘പുതു ലഹരി’ തിരഞ്ഞെടുപ്പ് ആഘോഷമാക്കി കുട്ടികൾ,

വിദ്യാർത്ഥികൾക്ക് തങ്ങളുടെ യഥാർത്ഥ ലഹരി എന്തായിരിക്കണമെന്ന് തിരഞ്ഞെടുക്കാൻ അവസരം ഒരുക്കുകയായിരുന്നു പദ്ധതി. ലഹരി പദാർത്ഥ വിരുദ്ധ സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനായി അവരുടെ അഭിരുചിക്കനുസരിച്ച് 12 സ്ഥാനാർത്ഥികളെ അവതരിപ്പിച്ചു. കല, സാംസ്കാരികം, കായികം, സേവനം, യാത്ര, വായന, പാചകം, പ്രകൃതി സംരക്ഷണം, സിനിമ, ആസ്വാദനം, സൗഹൃദം, ഹോബി, കൂടാതെ സ്വതന്ത്ര ചിന്തയുടെ പ്രതിനിധിയായ ‘നോട്ട’എന്നിവയായിരുന്നു സ്ഥാനാർത്ഥികൾ. ഇവയ്ക്ക് വേണ്ടി ഓരോ വിദ്യാലയങ്ങളിലും പ്രചാരണ വാഹനങ്ങളും എത്തിയിരുന്നു. ബാനറുകളും പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി. ഫ്ലാഷ് മോബ്, നാടകം തുടങ്ങിയവയും നടന്നു.
തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പോലെ തന്നെ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്.

ഫലപ്രഖ്യാപനം ഇന്ന്

വോട്ടെണ്ണലും ഫലം പ്രഖ്യാപനവും ഇന്ന് നടക്കും. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ‘പുതു ലഹരി’ ക്യാമ്പയിൻ വിദ്യാർത്ഥികൾ ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ പറഞ്ഞു.