pooja

ആലുവ: ആലുവ പെരിയാർ തീരത്ത് എറണാകുളം ഛഠ് പൂജാ സേവാ സമിതി, ബീഹാർ ഫൗണ്ടേഷൻ എറണാകുളം ചാപ്ടർ, കൊച്ചി അധ്യാത്മിക് സംഘ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഉത്തരേന്ത്യക്കാർ സംഘടിപ്പിച്ച ഛഠ് പൂജ ഭക്തിസാന്ദ്രമായി.

സൂര്യദേവനും സഹോദരിയായ ഛത്തി മായയ്ക്കും വേണ്ടി ദീപാവലി കഴിഞ്ഞ് ആറാം ദിവസം മുതൽ നാല് ദിവസമാണ് ഉത്തരേന്ത്യയിൽ ഛഠ് പൂജ നടക്കുന്നത്. കുടുംബത്തിന്റെ ക്ഷേമത്തിനായി സ്ത്രീകളാണ് ഉപവസിക്കുന്നത്. 36 മണിക്കൂർ ജല പാനമില്ലാതെ വ്രതമെടുത്താണ് പൂജ ചെയ്യുന്നത്. നദീതീരത്ത് കരിമ്പും വാഴയുമെല്ലാം വച്ചുപിടിപ്പിച്ച ശേഷം പഴവർഗങ്ങളും മറ്റും താലത്തിൽ വച്ച് നദിയിലിറങ്ങി സൂര്യഭഗവാനെ ആരാധിക്കും. ചിരാത് തെളിക്കുകയും ചെയ്യും.

പടക്കം പൊട്ടിച്ചും ഭജനങ്ങൾ ചൊല്ലിയും നൂറ് കണക്കിന് ഉത്തരേന്ത്യക്കാരാണ് ആലുവയിലെ പൂജയിൽ പങ്കാളികളായത്. ബീഹാർ, ഝാർഖണ്ഡ്, ചത്തീസ്ഗഢ്, ഒഡീഷ, യു.പി, പശ്ചിമബംഗാൾ, നേപ്പാളിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പൂജ നടത്തുന്നത്.