കൊച്ചി: പാലത്തിൽ ഓട്ടോ ഒതുക്കിയിട്ട് കായലിൽ ചാടിയ ഡ്രൈവറെ കാണാതായി. മട്ടാഞ്ചേരി കോമ്പാറമുക്ക് പുതിയ റോഡിൽ മുജീബിനെയാണ് (53) കാണാതായത്.
ഇന്നലെ രാവിലെ എട്ടരയ്ക്ക് തോപ്പുംപടി ഹാർബർ പാലത്തിലായിരുന്നു സംഭവം. പുലർച്ചെ 6.45 ന് വീട്ടിൽ നിന്ന് ഓട്ടോയുമായി പോയതാണ്. തുടർന്നാണ് വാഹനവുമായി തോപ്പുംപടി പാലത്തിൽ എത്തിയത്. പാലത്തിന് നടുവിൽ ഓട്ടോ നിർത്തിയിട്ട ശേഷം കായലിൽ ചാടി.
ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും പൊലീസും പകൽ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മട്ടാഞ്ചേരിയിൽ ഓട്ടോ ഡ്രൈവറാണ്. സാമ്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കൾ പറഞ്ഞു. തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. തോപ്പുംപടി പൊലീസ് കേസെടുത്തു.