കൊച്ചി: ഇടപ്പള്ളി പാടിവട്ടം ഭാഗത്തുള്ള കവിത സൈക്കിൾസിൽനിന്ന് 80,000 രൂപയും രണ്ട് മൊബൈൽഫോണുകളും കവർന്ന കേസിൽ അസാം സ്വദേശിയ അറസ്റ്റുചെയ്തു. രാക്കിബ് ഹുസൈനാണ് (36) അറസ്റ്റിലായത്.
ഒക്ടോബർ 21ന് പുലർച്ചെ സ്ഥാപനത്തിനകത്തുനിന്ന് രണ്ടുദിവസത്തെ കളക്ഷൻതുകയും മൊബൈൽഫോണുകളും കവർച്ച ചെയ്തതായി സ്ഥാപനത്തിന്റെ ഉടമ നൽകിയ പരാതിയിൽ കേസെടുത്ത പാലാരിവട്ടം പൊലീസ് സി.സി ടിവി കേന്ദ്രീകരിച്ചും നഷ്ടപ്പെട്ട ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരവേയാണ് പെരുമ്പാവൂർ കണ്ടന്തറ മാർക്കറ്റിനു സമീപത്തുനിന്ന് പ്രതി പിടിയിലായത്.
അറസ്റ്റിലായ റാക്കിബ് ഹുസൈൻ അസാം സ്വദേശിയായ കൂട്ടുപ്രതിയുമായി ചേർന്ന് പുലർച്ചെ 3.30ഓടെ സ്ഥാപനത്തിന്റെ പിൻവശത്തുള്ള ബാത്ത്റൂമിന്റെ വെന്റിലേഷൻ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്. മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.