തൊടുപുഴ: തൊഴിലിടങ്ങളിൽ വേണ്ടത്ര സുരക്ഷാ മാനദമണ്ഡങ്ങൾ പാലിക്കാതെയും തൊഴിൽ നിയമങ്ങൾ അവഗണിച്ചും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തൊഴിൽ വകുപ്പ് കർശന നടപടിയെടുക്കണമെന്ന് ഓൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. നിരവധി തൊഴിലാളികളാണ് അടുത്തിടെ കേരളത്തിൽ അപകടത്തിൽ മരണപ്പെട്ടത്. കട്ടപ്പനയിൽ മൂന്നു തൊഴിലാളികളുടെ ദാരുണ മരണവും അനാസ്ഥമൂലം സംഭവിച്ചതാണ്. അപകടത്തിൽപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും തൊടുപുഴയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം.എൻ. അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി സിബി. സി. മാത്യു, പി.കെ. സജിമോൻ, പി.ടി. വർഗ്ഗീസ്, എം. ബി രാജശേഖരൻ, എൻ. എസ് ബിജുമോൻ, ജിമ്മി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.