 ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തൊടുപുഴ: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയും സംയുക്തമായി നടത്തുന്ന ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 10 വരെ അപേക്ഷ നൽകാം. പ്ലസ്ടു, ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് തുടർ പഠനത്തിന് അവസരം ഒരുക്കുന്ന പദ്ധതിയാണിത്. വിവിധ ബിരുദ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാനത്തെ സമ്പൂർണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പരിപാടികൾ. ബിരുദ പ്രോഗ്രാമുകൾക്ക് പുറമേ താത്പര്യമുള്ള പഠിതാക്കൾക്ക് നാല് വർഷത്തെ ഓണേഴ്സ് ബിരുദത്തിനും ചേരാം. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ജില്ലാതല ഓൺലൈൻ യോഗത്തിൽ സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി. ജഗതീരാജ് പങ്കെടുത്തിരുന്നു.

മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകൾ

ബി.എ വിഭാഗം: ഹിന്ദി, അറബിക്, സംസ്‌കൃതം, അഫ്സൽ ഉൽ ഉലമ, എണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, നാനോ എന്റർപ്രെണർ ഷിപ്പ്, ബി.സി.എ, ബി. എസ്. സി ഡാറ്റ സയൻസ് ആൻഡ് അനലറ്റിക്സ്.

നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ: ബി. എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി ബി. ബി.എ, ബി.കോം

ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ : കട്ടപ്പന ഗവ: കോളേജ്, പുറ്റടി ഹോളി ക്രോസ് കോളേജ്.

രജിസ്‌ട്രേഷൻ ഇങ്ങനെ: ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ sgou.ac.in/new admission എന്ന വെബ് സൈറ്റിലാണ് പഠിതാക്കൾ രജിസ്റ്റർ ചെയ്യേണ്ടത്. നേരിട്ട് ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുളളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഫീസ് അടയ്ക്കാം. ഇതിന് പുറമേ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് വഴിയും പഠന സഹായമൊരുക്കും.

ഫീസ് അടയ്ക്കുന്നത് സംബന്ധിച്ച വിവരങ്ങൾ: വിഷയം തിരഞ്ഞെടുക്കുമ്പോൾ സ്‌പോൺസർ എന്ന ഓപ്ഷൻ സ്വീകരിക്കേണ്ടതും ഇതിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി എന്ന ഭാഗം സെലക്ട് ചെയ്യേണ്ടതുമാണ്. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾ ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം വഞ്ചിയൂർ ശാഖയിൽ ''ഡയറക്ടർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി'' അക്കൗണ്ട് നമ്പർ :8137805854, IFSC IDIB000V133 എന്ന അക്കൗണ്ട് നമ്പരിൽ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. പണം അടച്ചതിന്റെ വിശദാംശങ്ങൾ, അപേക്ഷാ ഫോറത്തിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷൻ ജില്ലാ ഓഫീസിൽ നല്‌കേണ്ടതുമാണ്. ബി.എ, ബി.കോം ബിരുദ പ്രോഗ്രാമുകൾക്ക് 4530 രൂപയും ബി.ബി.എ പ്രോഗ്രാമിന് 5330 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.

സംശയ നിവാരണത്തിനായി വിളിക്കാം: 04862 - 232294.

'' രാജ്യത്തിന് തന്നെ മാതൃകയായുള്ളാരു പദ്ധതിയാണിത്. പഞ്ചായത്ത് തലത്തിലും താത്പര്യമുളള പഠിതാക്കൾക്ക് ബിരുദം നേടുന്നതിനായി സൗകര്യമൊരുക്കും. കൂടുതൽ പേർ രജിസ്റ്റർ ചെയ്താൽ അവരുടെ സൗകര്യാർത്ഥം തൊടുപുഴ അടക്കമുള്ള സ്ഥലങ്ങളിൽ കൂടുതൽ എൽ. എസ്. സി സെന്ററുകൾ ആരംഭിക്കും""

-പി.എം. അബ്ദുൾ കരീം (ജില്ലാ കോർഡിനേറ്റർ സാക്ഷരതാ മിഷൻ)