congress

ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയോടനുബന്ധിച്ച് പൈനാവ് ടൗണിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു.പി ജേക്കബ് ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.

ജില്ലാ പഞ്ചായത്തംഗം കെ. ജി സത്യൻ, പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രിൻസ് ബാബു, ഹരിത കർമ്മ സേനാംഗങ്ങൾതുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 8 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വാരാഘോഷത്തിന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കും. സേവനവാരത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ റാലി, ക്വിസ് മത്സരം, സ്‌കിറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്വിസ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും. കൂടാതെ എ.ഐ വീഡിയോ ക്രിയേഷൻ, ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ്, ദേശഭക്തി ഗാനാലാപം, കാർട്ടൂൺ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടാകും. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.