തൊടുപുഴ: ഗാന്ധിജയന്തിയോടാനുബന്ധിച്ച് തൊടുപുഴ നഗരസഭാതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെയർമാൻ കെ.ദീപക് ഗാന്ധി സ്‌ക്വയറിലെ രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ പൂമാല ചാർത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നഗരസഭ പഴയ ബസ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് ചെയർപേഴ്സൺ ജെസി ആന്റണി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ കരീം, പി.ജി രാജശേഖരൻ കൗൺസിലർമാരായ ജോസഫ് ജോൺ, ആർ.ഹരി, സനീഷ് ജോർജ്, ജിഷ ബിനു എന്നിവർ നേതൃത്വം നൽകി. നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രദേശത്തു ചിതറി കിടന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും കാടുപിടിച്ചു കിടന്ന ഭാഗങ്ങൾ വൃത്തിയാക്കുകയും ചെയ്തു.