 വിഷവാതകം ശ്വസിച്ച് മരിച്ചത് കുടുംബത്തിന്റെ അത്താണികൾ


കട്ടപ്പന: ചൊവ്വാഴ്ച രാത്രിയിൽ ഉണ്ടായ ദുരന്തവാർത്തയുടെ ഞെട്ടലിലാണ് ഇന്നും കട്ടപ്പന. പാറക്കടവ് റോഡിലെ പഴയ ഓറഞ്ച് ഹോട്ടലിനോട് ചേർന്നുള്ള മാലിന്യടാങ് വൃത്തിയാക്കാൻ ഇറങ്ങിയ മൂന്ന് തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരണപ്പെട്ടത്. മരണത്തിനിടയാക്കിയത് വിഷവാതകമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി 10നായിരുന്നു അപകടം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ കമ്പോസ്റ്റ് സ്ട്രീറ്റ് സ്വദേശി മൈക്കിൾ (23), കീഴെ ഗൂഡല്ലൂർ പട്ടാളമ്മൻകോവിൽ സ്ട്രീറ്റിലെ സുന്ദര പാണ്ഡ്യൻ (37), കമ്പം കണ്ണൻ വിവേകാനന്ദൻ സ്ട്രീറ്റിലെ ജയരാമൻ (48) എന്നിവരാണ് മരിച്ചത്. ഹോട്ടലിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നാളുകളായി മാലിന്യടാങ്ക് അടഞ്ഞു കിടക്കുകയായിരുന്നു. തുടർന്നാണ് ടാങ്കിനുള്ളിൽ വിഷവാതകം നിറഞ്ഞതെന്നാണ് കരുതുന്നത്. മുമ്പും ഇവർ വിവിധ ഇടങ്ങളിൽ ടാങ്ക് വൃത്തിയാക്കി പരിചയമുള്ളവരാണ് എന്നാണ് വിവരം. സംഘത്തിൽ ആറുപേരായിരുന്നു ഉണ്ടായിരുന്നത്. പമ്പ് ഉപയോഗിച്ച് മലിനജലം നീക്കിയശേഷം അടിഞ്ഞുകൂടുന്ന മാലിന്യം നീക്കാനുള്ള ശ്രമം നടത്താൻ ടാങ്കിനുള്ളിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. എ.ഡി.എം ഷൈജു ജേക്കബ് അപകടസ്ഥലം സന്ദർശിച്ചു. നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ സർക്കാരിന് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ശുപാർശയുണ്ട്. അന്വേഷണം നടത്താൻ മലിനീകരണ നിയന്ത്രണ ബോർഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും നിർദേശം നൽകി. നിർമ്മാണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിച്ച് പൊലീസിനോട് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടിയുണ്ടാകും. ഇവിടെ നിർമ്മാണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് നഗരസഭാ അധികൃതരും അറിയിച്ചു. ഹോട്ടലിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അനധികൃതമാണെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ. കുമാർ പറഞ്ഞു. നിർമ്മാണം നടത്തിയെങ്കിൽ നഗരസഭ അതിനു കൂട്ടുനിന്നുവെന്നും ബി.ജെ.പി ആരോപിച്ചു.

അപകടം ക്ഷണിച്ചു

വരുത്തിയോ

രാത്രി ഏറെ വൈകിയാണ് മാലിന്യ ടാങ്ക് ശുചീകരണം നടത്തിയത്. ബന്ധപ്പെട്ട സുരക്ഷ അധികൃതരെ വിവരം അറിയിച്ചിട്ടില്ല. വേണ്ട സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇത്തരം മാലിന്യ ടാങ്കുകളിൽ വിഷവാതകങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ ഓക്സിജൻ മാസ്ക് അടക്കം ധരിച്ചുവേണം ടാങ്കിനുള്ളിലേക്ക് കടക്കാൻ. കൂടാതെ ടാങ്കിനുള്ളിൽ ഓക്സിജന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം. ഇതൊന്നും പാലിക്കാതെയാണ് തൊഴിലാളികൾ രാത്രിയിൽ ടാങ്കിലേക്ക് ഇറങ്ങിയത്. നഗരസഭയുടെ ഓട വൃത്തിയാക്കൽ അടക്കമുള്ള കരാർ ഏറ്റെടുത്തു നടത്തുന്നയാളാണ് മരിച്ചവരിൽ ഒരാളായ ജയരാമൻ. ഹോട്ടലിനോട് ചേർന്ന് ടാങ്ക് വൃത്തിയാക്കുന്നതിനും ഇയാളാണ് കരാർ ഏറ്റെടുത്തിരുന്നത്. പകൽ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും വഴിയിൽ തടസമുണ്ടായതിനെ തുടർന്ന് വൈകിയാണ് തൊഴിലാളികൾ സ്ഥലത്ത് എത്തിയത്. തുടർന്ന് രാത്രി തന്നെ പണികൾ തീർത്ത് മടങ്ങാനാണ് ഉദ്ദേശിച്ചതും. എന്നാൽ വിധി ആറു പേരിൽ മൂവരുടെ ജീവൻ കവർന്നെടുത്തു.

മൃതദേഹം

ഏറ്റുവാങ്ങാതെ

ബന്ധുക്കൾ

മാലിന്യ ടാങ്കിൽ കുടുങ്ങി തൊഴിലാളികൾ മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ബന്ധുക്കൾ കൂട്ടമായിട്ടാണ് ആശുപത്രിയിലേക്ക് എത്തിയത്. രാത്രി പത്തിന് അപകടം ഉണ്ടായെങ്കിലും 12 നാണ് മൂവരുടെയും മരണം സ്ഥിരീകരിച്ച് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ തൊഴിലാളികൾ ടാങ്കിനുള്ളിൽ കുടുങ്ങിയ വിവരം അറിഞ്ഞതേ ബന്ധുക്കൾ ഗൂഡല്ലൂരിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിരുന്നു. സുന്ദര പാണ്ഡ്യന്റെ ഭാര്യ ഇനിയ, മക്കളായ നകുൽ, ജഗൻ, മൈക്കിളിന്റെ ഭാര്യ തമിഴരശി, ജയരാമന്റെ ഭാര്യ ഭഗവതി, മക്കളായ ശരൺ, സതിശ്രീ എന്നിവരും മറ്റു ബന്ധുക്കളുമാണ് ആശുപത്രിയിലേക്ക് എത്തിയത്. അപകടം വരുത്തിവെച്ചതാണെന്ന് ആരോപിച്ച ബന്ധുക്കളും നാട്ടുകാരും ബഹളം വച്ചതും ഏറെ നേരം ആശങ്ക ജനിപ്പിച്ചു. ഇടുക്കി എ.ഡി.എം ഷൈജു ജേക്കബ് ആശുപത്രിയിലെത്തി ബന്ധുക്കളുമായി ചർച്ച നടത്തുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാവുന്ന ആനുകൂല്യങ്ങൾ വാങ്ങി നൽകുമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും പറഞ്ഞതോടെയാണ് ബന്ധുക്കൾ ശാന്തരായത്.
ഇതിനിടെ മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനായി എത്തിച്ചപ്പോൾ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ നിലപാടെടുത്തു. ഇതോടെ കട്ടപ്പനയിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഇടുക്കി മെഡിക്കൽ കോളജിലെത്തി ഇവരുമായി മണിക്കൂറുകളോളം ചർച്ച നടത്തി. പിന്നീട് ഹോട്ടൽ നടത്തിപ്പുകാരുമായി ചർച്ച നടത്തി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വീതം നൽകിയ ശേഷമാണ് മൃതദേഹവുമായി ഇവർ മടങ്ങിയത്. ഇന്നലെ പുലർച്ചെ മൂവരുടെയും സംസ്‌കാരം ഗൂഡല്ലൂരിലെ പൊതു ശ്മശാനത്തിൽ നടത്തി. അപകടത്തിൽ മരിച്ച ജയരാമനും മറ്റു രണ്ടുപേരും തമിഴ്നാട്ടിൽ സർക്കാർ നൽകിയ ഭൂമിയിൽ താമസിക്കുന്നവരാണ് എന്നാണ് വിവരം. കൂലിപ്പണികൾ ചെയ്ത ഉപജീവനം കഴിക്കുന്ന ഇവർ ഇടയ്ക്കിടെ ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ ജോലിക്കും വരാറുണ്ട്.

'മാലിന്യ ടാങ്കിൽ അകപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകണം"

-ഡീൻ കുര്യാക്കോസ് എം.പി

'സംഭവത്തിൽ സുരക്ഷ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കണം. വീഴ്ചയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം"

-സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്ജ്

അന്വേഷണം നടത്തുമെന്ന് നഗരസഭ

'സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. ഹോട്ടലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വിവരം നഗരസഭ അറിഞ്ഞിരുന്നില്ല. കൃത്യമായ മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചോ എന്ന് പരിശോധിക്കും."

-നഗരസഭ ചെയർപേഴ്സൺ ബീന ടോമി