തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ക്ഷേത്രത്തിനുള്ളിൽ രാജേഷ് പോറ്റിയും, പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മഹാദേവൻ മാഷും കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. തുടർന്ന് ലളിതാസഹസ്രനാമാർച്ചനയും നടന്നു. 7.30 മുതൽ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ സ്വരലയ സംഗീതകലാലയം തൊടുപുഴയിലെ 101 കുട്ടികൾ സംഗീതാരാധനയും പഞ്ചരത്നാലാപനവും നടത്തി. വാദ്യകലാപീഠത്തിന്റെ ഉദ്ഘാടനവും നടന്നു. മേൽശാന്തി മാധവൻപോറ്റി ഭദ്രദീപപ്രകാശനം നടത്തി. വാദ്യകലാചാര്യൻ തൃക്കാമ്പുറം ജയദേവ മാരാർ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പത്മകുമാർ മുഖ്യാതിഥി ആയിരുന്നു. ബി. ഇന്ദിര, കെ.ആർ. വേണു, അഡ്വ. ശ്രീവിദ്യാരാജേഷ്, ബി.വിജയകുമാർ, ജയകുമാർ വാര്യർ, കെ.ആർ. മോഹൻദാസ്, ജിതിൻമാരാർ തുടങ്ങിയവർ പ്രസംഗിച്ചു. അമ്പതോളം കുട്ടികൾ ആദ്യപടിയായി ദക്ഷിണ വച്ച് വാദ്യകലാപഠനത്തിന് തുടക്കം കുറിച്ചു. വിജയദശമി ദിനത്തിന്റെ മാഹാത്മ്യവും അനുഷ്ഠാനങ്ങളുംഎന്ന വിഷയത്തെ കുറിച്ച് ഡോ. കെ. പത്മകുമാർ പ്രഭാഷണം നടത്തി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സരസ്വതിപൂജയിലും സംഗീതസദസ്സിലും വിദ്യാരംഭത്തിലും പങ്കെടുത്തത്. കമ്പ്യൂട്ടറിൽ ആദ്യാക്ഷരം കുറിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.