ksrtc

പീരുമേട്: കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോയ കെ.എസ്.ആർ.റ്റി.സി. ബസ് യാത്രികൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനത്തിനകത്തു കുഴഞ്ഞു വീണു. രണ്ടാം മൈൽ സ്വദേശി അപ്പച്ചൻ കുട്ടി (65)യാണ് പാമ്പനാറിൽ എത്തിയപ്പോൾ കുഴഞ്ഞു വീണത്. ഉടനടി ബസിൽ ഉണ്ടായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്സ് കവിത സി.പി.ആർ നൽകി. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ഫോൺ ചെയ്ത് അടിയന്തിര വൈദ്യസഹായം ലഭിക്കുന്നതിനാവശ്യമായ ഇടപെടലും നടത്തി. കണ്ടക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് ഇടയ്ക്ക് ഇറങ്ങേണ്ട യാത്രക്കാരുടെ അനുമതിയോടെ ബസ് നേരെ താലൂക്ക് ആശുപത്രിയിലേക്ക് പാഞ്ഞു. എന്നാൽ റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി പാർക്കു ചെയ്തിരുന്ന വാഹനങ്ങളുടെ തടസ്സം മൂലം ആശുപത്രി പരിസരത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ ആശുപത്രി സുപ്രണ്ട് ഡോ: ബി. സെൻസിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരായ അരുൺ എം.ആർ, ജെലീൽ കുട്ടി എന്നിവർ സ്‌ട്രെചറുമായി റോഡിലെത്തിയാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചു പ്രഥമശുശ്രൂഷ നൽകിയത്. യാത്രികന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയിലാണ് സ്റ്റാഫ്‌ നഴ്സ് കവിതയും, ആശുപത്രി ജീവനക്കാരും, ബസ്സ് ജീവനക്കാരുമെല്ലാം.