vellakettu
അട്ടപ്പള്ളം പൂവത്തുംകുഴി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വെള്ളംകെട്ടിക്കിടക്കുന്ന ചതുപ്പ് നിലം

കുമളി :നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അട്ടപ്പള്ളം പൂവത്തുംകുഴി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ചതുപ്പ് നിലം സമീപവാസികൾക്കും അംഗൻവാടി കുട്ടികൾക്കും ദുരിതമാകുന്നതായി പരാതി. വർഷങ്ങളായി ഈ സ്ഥലത്ത് മലിനജലം കെട്ടിനിന്ന് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. നിരവധി തവണ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പിനും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്നം സ്ഥലം ഉടമയെ അറിയിച്ചിട്ടും വെള്ളക്കെട്ട് ഒഴിവാക്കാൻ തയ്യാറാകുന്നില്ല. മലിനജലം കെട്ടിക്കിടക്കുന്നത് മൂലം മുമ്പ് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. സമീപത്തെ അംഗൻവാടിയിലും നിരവധി കുട്ടികളാണ് പഠിക്കുന്നത്. ആരോഗ്യ വകുപ്പ് അടിയന്തര ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.