കട്ടപ്പന: മഹാരാഷ്ട്രയിലും തിരുപ്പൂരിലുമായി നടന്ന സി.ഐ.എസ്.സി.ഇ ദേശീയ തായ്‌ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ നാടിന് അഭിമാനമായി കട്ടപ്പന ഓക്സീലിയം സ്‌കൂളിന്റെ മെഡൽക്കൊയ്ത്ത്. അഞ്ച് മെഡലുകളാണ് സ്‌കൂളിലെ കായികതാരങ്ങൾ കരസ്ഥമാക്കിയത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി ഒരു വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെയാണ് തിളക്കമാർന്ന നേട്ടം.
മഹാരാഷ്ട്രയിൽ നടന്ന പെൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിലാണ് ഓക്സീലിയം സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ വെങ്കല മെഡലുകൾ നേടിയത്. ദേവന്ദന എം, അന്ന റോസ് ജേക്കബ്, ഐവ ബോബി എന്നിവർ തങ്ങളുടെ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മെഡലുകൾക്ക് അർഹരായത്.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നടന്ന ആൺകുട്ടികളുടെ ചാമ്പ്യൻഷിപ്പിലും ഓക്സീലിയത്തിന്റെ താരങ്ങൾ മികവ് പുലർത്തി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ അഭിഷേക് ബിജു വെള്ളി മെഡൽ നേടിയപ്പോൾ, ഡിയോൺ അനിൽ ഏബ്രഹാം വെങ്കല മെഡലുമായി വിജയ പീഠത്തിൽ ഇടംപിടിച്ചു. മാസ്റ്റർ രജീഷ് റ്റി. രാജുവിന്റെ ശിക്ഷണത്തിലാണ് ഈ വിദ്യാർത്ഥികൾ ദേശീയ തലത്തിൽ ശ്രദ്ധേയമായ വിജയം കൈവരിച്ചത്.