 യു.ഡി.എഫ് സംസ്ഥാന തലത്തിൽ കർഷകരുടെ ദുരിതം കേൾക്കാൻ കോൺക്ലേവ് സംഘടിപ്പിക്കും

അടിമാലി: ഇടുക്കിയിലെ ജനങ്ങൾ ഭൂപ്രശ്നങ്ങളും കിരാത നിയമങ്ങളും മൂലം അരക്ഷിതരാണെന്നും അവരുടെ സങ്കടങ്ങളിൽ നിന്ന് ഉടലെടുത്ത വികാരമാണ് ഇടുക്കിയിലെ കർഷക പോരാട്ടങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അടിമാലിയിൽ നടന്ന കർഷക കോൺക്ലേവിൽ വിവിധ മേഖലകളിലെ പ്രതിനിധികളുടെ നിർദ്ദേശങ്ങൾ കേട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സംസ്ഥാന തലത്തിൽ കർഷകരുടെ സങ്കടങ്ങളും ദുരിതങ്ങളും കേൾക്കാൻ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂപ്രശ്നങ്ങളിൽ ഇടതുമുന്നണി സർക്കാർ കോടതികളിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ചതാണ് തിരിച്ചടികൾക്ക് കാരണം. ദേശീയപാത 85ന്റെ വികസനത്തിലും ഹൈക്കോടതിയിൽ ജനതയ്ക്കെതിരായി നിർമ്മാണം തടസപ്പെടുത്താൻ 14.5 കിലോമീറ്റർ വനമാണെന്ന സത്യവാങ്മൂലമാണ് സർക്കാർ നൽകിയത്. ഭൂപതിവ് ചട്ടഭേദഗതിയിലൂടെ ജനങ്ങളുടെ പോക്കറ്റടിയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഫീസ് പിരിക്കാതെ, നടപടിക്രമം ലളിതമാക്കി, ഭാവിയിൽ ഒരു നിർമ്മാണങ്ങൾക്കും തടസമുണ്ടാകാത്ത രീതിയിൽ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. കുറെ ഉദ്യോഗസ്ഥരും അതിന് കൂട്ടുനിൽക്കുന്ന മന്ത്രിമാരുമാണ് കാടൻ നിയമങ്ങളിലൂടെ ജനങ്ങളെ ദ്രോഹിക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും വരെ കൂടെയുണ്ടാകും. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നുള്ളത് കോൺക്ലേവിന് നൽകുന്ന ഉറപ്പാണെന്നും സതീശൻ പറഞ്ഞു.

വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കെ.ആർ. വിനോദ്, ഫാ. ജിൻസ് കാരക്കാട്ട്, കോഴിമല രാജാവ് രാമൻ രാജമന്നാൻ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, കെ.എസ്. അനിൽകുമാർ, അഡ്വ. നൈജൂ രവീന്ദ്രനാഥ്, നൗഫൽ ബാഫക്കി, ഫാ. ടി.എസ്. ബിജോയ്, റസാഖ് ചൂരവേലിൽ, ജയിംസ് കരിമല, കെ.കെ. രാജൻ, പി.ആർ. സന്തോഷ്, ഫാ. ജോസ് മംഗലത്ത്, രാമയ്യ, സത്യൻ, മാത്യു ജോസ്, പി.എം. ബേബി, പ്രൊഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, സത്യൻ ജോർജ് എന്നിവർ അതത് മേഖലകളിലെ ആശങ്കകൾ പ്രതിപക്ഷ നേതാവുമായി പങ്കുവെച്ചു. ഡീൻ കുര്യാക്കോസ് എം.പി.മോഡറേറ്ററായിരുന്നു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കോൺക്ലേവിൽ നന്ദി പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ, മുൻ എം.എൽ.എമാരായ അഡ്വ. ഇ.എം. ആഗസ്തി, എ.കെ. മണി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ റോയി കെ. പൗലോസ്, അഡ്വ. ജോയി തോമസ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി ഭാരവാഹികളായ എം.എൻ. ഗോപി, തോമസ് രാജൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, പ്രൊഫ. എം.ജെ. ജേക്കബ്, എ.പി. ഉസ്മാൻ, നിഷ സോമൻ, പി.വി. സ്‌കറിയ, ബാബു കുര്യാക്കോസ്, ഒ.ആർ. ശശി, ജോർജ് തോമസ്, ടി.എസ്. സിദ്ദിഖ്, പി.ആർ. സലിംകുമാർ, കെ.ഐ. ജീസസ്, പി.എ. സജി, കെ.എസ്. സിയാദ്, കെ.എ. കുര്യൻ, പി.സി. ജയൻ എന്നിവർ കോൺക്ലേവിന് നേതൃത്വം നൽകി.