roshy

ഇടുക്കി: :മൂലമറ്റം പവർഹൗസ് മിനിയേച്ചർ മാതൃക ഇടുക്കി ഡാം ലേസർ ഷോ പ്രോജക്ട് തുടങ്ങി കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം പദ്ധതി സ്ഥലങ്ങൾ സന്ദർശിച്ചു. സുരക്ഷാ കാരണങ്ങളാൽ പൊതുജനങ്ങൾക്ക് സന്ദർശനം സാദ്ധ്യമാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് മിനിയേച്ചർ മാതൃക നിർമ്മിച്ച് ജനങ്ങൾക്ക് പവർഹൗസിന്റെ പ്രവർത്തനം ബോദ്ധ്യപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുന്നത്.

നാടുകാണിയിൽ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് കെ. എസ്. ഇ.ബി ഹൈഡൽ ടൂറിസം വിഭാഗത്തെ ചുമതലപ്പെടുത്തി. കുളമാവ് ഡാമിന് സമീപത്തുള്ള സ്ഥലം ടോയ്ലറ്റ് കോംപ്ലക്സ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ നടപ്പാക്കി
യാത്രക്കാർക്കായി തുറന്നു കൊടുക്കുന്നതിന് വേണ്ട നടപടികളെടുക്കും. ഈ ഭാഗത്തെ റോഡ് വീതി കൂട്ടി അപകടകരമായ വളവ് ഒഴിവാക്കും. ഇതിനായി വനം, വൈദ്യുതി, പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കാൻ മന്ത്രി നിർദേശിച്ചു.

ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശനത്തിന് കൂടുതൽ ടൂറിസ്റ്റുകൾക്ക് അവസരം നൽകും. ഇതിനായി അധികമായി സ്റ്റാഫിനെ നിയോഗിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഹൈഡൽ ടൂറിസം വിഭാഗം സ്വീകരിക്കും. കുളമാവ് വടക്കേപ്പുഴയിൽ കുട്ടവഞ്ചി സഫാരി പ്രോജക്ട് കമ്മീഷൻ ചെയ്യുന്നതിന് കെ. എസ്. ഇ. ബി ഡാം സേ്ര്രഫി വിഭാഗം അനുമതി നൽകി. ഈ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ ഹൈഡൽ ടൂറിസം വിഭാഗത്തിന് നിർദേശം നൽകി.

ടുക്കി ഡാം ലേസർ ഷോ പ്രോജക്ട് നടപ്പാക്കാമെന്ന് ഐ. ഐ.ടി ചെന്നൈയുടെ സ്ട്രക്ചറൽ എഞ്ചിനീയറിങ് വിഭാഗം പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കെ. എസ്. ഇ.ബി ഡാം സേ്ര്രഫി വിഭാഗം പദ്ധതിയ്ക്ക് എൻ.ഒ.സി നൽകിയിട്ടുണ്ട്. പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ഇടുക്കിയുടെ വികസനത്തിന് മുതൽക്കൂട്ടാകുന്നതാണ് ഈ പദ്ധതികളെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയമായി നേരത്തെ തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു വിദഗ്ധ സംഘം സന്ദർശനം നടത്തിയത്. ഭാവി കാര്യങ്ങൾ വൈദ്യുതി മന്ത്രിയുമായി കൂടിയാലോചിച്ച് അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

കെ. എസ്. ഇ.ബി (ജനറേഷൻ) ഡയറക്ടർ സജീവ്. ജി, ഡാം സേ്ര്രഫി ചീഫ് എഞ്ചിനീയർ വിനോദ്. വി, ചീഫ് എഞ്ചിനീയർ (ജനറേഷൻ) ബിജു രാജൻ ജോൺ, ഡാം സേഫ്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ സൈന. എസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൂലമറ്റം കെ. എസ്. ഇ.ബി സർക്യൂട്ട് ഹൗസിൽ ചേർന്ന ആലോചന യോഗത്തിൽ അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് വിനോദ്, കെ. എസ്. ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ മനോജ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ജനറേഷൻ) പാർവതി. എം, എക്സിക്യൂട്ടീവ് എഞ്ചിനീയർ (ജനറേഷൻ) ജുമൈല ബീവി തുടങ്ങിയവർ പങ്കെടുത്തു.