തൊടുപുഴ: ഭൂപതിവ് ചട്ടഭേദഗതി നിയമത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചട്ടഭേദഗതികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും ഭേദഗതി നിർദ്ദേശങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. പുതിയ നിർമ്മാണ അനുമതി നിഷേധിയ്ക്കുകയും കെട്ടിടം നിർമ്മിച്ചവരെ കുറ്റക്കാരാക്കി ചാപ്പ കുത്തുകയുമാണ് സർക്കാർ. ഭീമമായ ഫീസ് പിഴയായി നൽകിയാൽ ക്രമവത്കരിക്കാമെന്ന നടപടി പുനർപരിശോധിക്കണം. ഫീസ് ഒഴിവാക്കി കൃഷിയ്ക്കും താമസത്തിനും എന്നതിനോടൊപ്പം 'ഇതര ആവശ്യങ്ങൾക്കും" എന്ന് കൂടി ചേർത്ത് ജില്ലയിലെ ജനങ്ങളെയും വികസനത്തെയും മുന്നിൽ കണ്ട് നിയമനിർമ്മാണം നടത്തണം. നിയമ കുരുക്ക് ഉണ്ടാക്കി സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതിനെതിരെ നടത്തുന്ന സമരങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായി സഹകരിക്കാനും വേണ്ടി വന്നാൽ കോടതിയെ സമീപിക്കാനും അസോസിയേഷൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തൊടുപുഴ മേഖല പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്, വർക്കിംഗ് പ്രസിഡന്റ് എം.എൻ. ബാബു, ജോയിന്റ് സെക്രട്ടറി പുന്നൂസ് മംഗലത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ അഡ്വ. ഡമ്മീസ് പുളിമൂട്ടിൽ, അജീവ് പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.