indu-sudhakran

തൊടുപുഴ: ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച ആയുർവേദ വാരാചരണ ആഘോഷ പരിപാടികൾ സമാപിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധയിടങ്ങളിലായി വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ആയുർവേദ സന്ദേശ വിളമ്പര ജാഥ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, നേത്ര രോഗനിർണയ ക്യാമ്പുകൾ, സ്ത്രീ രോഗ നിർണയ ക്യാമ്പുകൾ സപോർട്സ് ആയുർവേദ ബോധവത്കരണ ക്ലാസുകൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പുകൾ, ഫോട്ടോഗ്രാഫി, റീൽസ്, നുറുങ്ങു കവിതാ രചന മത്സരങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ആയുർവേദ വാരാചരണ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി. കുര്യൻ അദ്ധ്യക്ഷനായി. മുൻ ഇന്ത്യൻ ഫുടബോൾ ടീം താരം എൻ.പി. പ്രദീപ്, സംസ്ഥാന സപോർട്സ് കൗൺസിൽ ടെക്നിക്കൽ ഓഫീസറും ഇന്ത്യൻ ഫുടബോൾ ടീം പരിശീലകനും കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി വിജയം നേടിയ കേരള ടീമിന്റെ പരിശീലകനുമായിരുന്ന സദീവ് ബാലൻ എന്നിവർ മുഖ്യാതിഥികളായി. തൊടുപുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ,
ജില്ല ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.ആർ. സലിം, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ, ഡോ. റെൻസ് പി. വർഗീസ്, ഡോ. യു.ബി. ഷീജ, ആശുപത്രി വികസന സമിതി അംഗങ്ങളായ ഷാഹുൽ പള്ളത്തുപറമ്പിൽ, വി.എസ്. അബ്ബാസ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ധ്യാനയോഗ ട്രെയിനിങ് സെന്ററിലെ വിദ്യാർത്ഥികൾ സപോർട്സ് യോഗാസന നൃത്താവിഷ്‌കാരം അവതരിപ്പിച്ചു.