kendreeya-vidyalaya

തൊടുപുഴ: തൊടുപുഴയിൽ പുതിയതായി അനുവദിച്ചിട്ടുള്ള കേന്ദ്രീയ വിദ്യാലയത്തിന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ ബോയ്സ് ഹൈസ്‌കൂൾ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. അഡ്മിഷൻ ഫോം വിതരണത്തിന്റെ ഉദ്ഘാടനം കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം റീജണൽ ഡപ്യൂട്ടി കമ്മീഷണർ എൻ. സന്തോഷ്‌കുമാർ നിർവ്വഹിച്ചു. ഇടുക്കി കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ അജിമോൻ എം. ചെല്ലംകോട്ട്, തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രിൻസിപ്പൽ ഇൻചാർജ്ജ് അലക്സ് ജോസ്, എസ്.കെ. സുരേഷ് കുമാർ മുതലായവരുടെ നേതൃത്വത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കേന്ദ്രീയ വിദ്യാലയ സംഗതൻ പ്രതിനിധികൾക്ക് തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാ ചെയർമാൻ കെ. ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഫ്സൽ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി. ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലേക്ക് കേന്ദ്രീയ വിദ്യാലയ സംഗതൻ പ്രവേശന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് പ്രവേശനം നൽകുന്നത്. ഈ മാസം 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.. ഒ.ബി.സി വിഭാഗത്തിന് 27 ശതമാനവും പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും പട്ടികഗോത്ര വിഭാഗങ്ങൾക്ക് 7.5 ശതമാനവും പ്രവേശനത്തിന് സംവരണം ലഭിക്കും. ഓഫീസ് പ്രവർത്തനങ്ങൾക്കുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചതായും ആദ്യ ദിവസം 101 അപേക്ഷകൾ വിതരണം ചെയ്തതായും എം.പി അറിയിച്ചു.