കഞ്ഞിക്കുഴി: കുടുംബശ്രീ നാടിന്റെ അഭിമാനമാണെന്നും സർവതലസ്പർശിയായ നേട്ടങ്ങൾക്ക് വഴിതെളിച്ചെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കഞ്ഞിക്കുഴിയിൽ കുടുംബശ്രീ സിഡിഎസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യനിർമ്മാർജനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ ഇന്ന് സ്ത്രീകളെ സ്വയംപര്യാപ്തരാക്കിയതിനൊപ്പം സംരംഭകരാക്കിയും മാറ്റി. വ്യവസായ യൂണിറ്റുകളുടെയും ചെറുകിട സംരംഭങ്ങളുടെയും നടത്തിപ്പ് അടക്കം നാടിന്റെ വളർച്ചയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ അംഗങ്ങളുടെ വർണാഭമായ വാർഡുതല റാലിയോടെയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. മികച്ച അയൽക്കൂട്ടങ്ങൾക്കുള്ള പുരസ്‌കാരങ്ങളും യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ വിതരണം ചെയ്തു.
കുടുംബശ്രീ സിഡിഎസ് വാർഷിക സമ്മേളനത്തിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ത്രിതലപഞ്ചായത്തംഗങ്ങളായ ഉഷാ മോഹനൻ, സാന്ദ്രമോൾ ജിന്നി, പ്രദീപ് എംഎം, അനിറ്റ് ജോഷി, സിൽവി സോജൻ, ടിൻസി തോമസ്, മാത്യു ജോസഫ്, സോയിമോൻ സണ്ണി, ഐസൻജിത്ത്, ബേബി ഐക്കര, പുഷ്പ ഗോപി, ജിഷ സുരേന്ദ്രൻ, ശ്രീജ അശോകൻ, ദിനമണി പി.ബി സിഡിഎസ് ചെയർപേഴസൺ ബിന്ദു സലിംകുമാർ, വൈസ് ചെയർപേഴ്സൺ പുഷ്പാ തോമസ്, മെമ്പർ സെക്രട്ടറി അനിൽജിത്ത് കെ.എ എന്നിവർ സംസാരിച്ചു.