ashoka
അശോക ജങ്ഷനിൽ റോഡരികിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന കുടിവെള്ള പൈപ്പ്‌

ഇന്നലെ അപകടത്തിൽപെട്ടത് 2 ഇരുചക്ര വാഹനങ്ങൾ

കട്ടപ്പന :അശോക ജങ്ഷനിൽ റോഡരികിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന കുടിവെള്ള പൈപ്പിനുമുകളിൽ കയറി 2 ഇരുചക്ര വാഹനങ്ങൾ മറിഞ്ഞു. ശനിയാഴ്ച രാവിലെ ബുള്ളറ്റും ഉച്ചയ്ക്ക് സ്‌കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ബുള്ളറ്റ് ഓടിച്ചിരുന്നയാൾ ഇടതുവശത്തേയ്ക്ക് മറിഞ്ഞുവീണതിനാൽ അപകടം ഒഴിവായി. സ്ത്രീ ഓടിച്ചിരുന്ന സ്‌കൂട്ടറാണ് ഉച്ചയോടെ മറിഞ്ഞത്. കട്ടപ്പന നഗരത്തിലെ ഏറ്റവും തിരക്കേറിയ അശോക ജങ്ഷനിൽ കുടിവെള്ള പൈപ്പ് വാഹന, കാൽനടയാത്രികർക്ക് അപകടഭീഷണിയാണ്. വാഹനത്തിരക്ക് വർധിക്കുമ്പോൾ റോഡ് വശത്തുകൂടി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളാണ് പൈപ്പിൽ കയറി മറിയുന്നത്. മഴക്കാലത്ത് കാൽനടയാത്രികർ ഇവിടെ തെന്നിവീഴുന്നതും പതിവാണ്. തൊട്ടടുത്ത് ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്. വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടുന്നതായി ഡ്രൈവർമാർ പറയുന്നു. കുഴിയെടുത്ത് പൈപ്പ് മൂടാൻ നടപടിവേണമെന്ന് ഇവർ ആവശ്യപ്പെട്ടു.