kalvarimound

കട്ടപ്പന: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാൽവരിമൗണ്ടിൽ നിർമിക്കുന്ന ടൂറിസം സെന്ററിന്റെ നിർമാണം 10 വർഷമായിട്ടും പൂർത്തിയായിട്ടില്ല. ഒരു കോടിയിലധികം രൂപ ചിലവഴിച്ച് നിർമിച്ച കെട്ടിടം പ്രവർത്തനരഹിതമായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ബ്ലോക്ക് പഞ്ചായത്തിന് ഉണ്ടായിരിക്കുന്നത്. 2015ലാണ് കാൽവരിമൗണ്ടിൽ ടൂറിസം സെന്ററിന്റെ നിർമാണം ആരംഭിച്ചത്. പ്രദേശവാസിയായ സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയാക്കാതെ 2018 ഡിസംബറിൽ ഉദ്ഘാടനവും നടത്തി. എന്നാൽ ആവശ്യമായ പാർക്കിങ് സൗകര്യവും കുടിവെള്ളവുമില്ലാത്തതിനെതുടർന്ന് കാമാക്ഷി പഞ്ചായത്ത് നിരാക്ഷേപപത്രം നൽകിയില്ല. വിനോദസഞ്ചാരികൾക്ക് മതിയായ താമസസൗകര്യമില്ലാത്ത പ്രദേശമായ കാൽവരിമൗണ്ടിൽ 8 മുറികൾ, ഡോർമെറ്ററി എന്നിവ അടങ്ങിയതായിരുന്നു ടൂറിസം സെന്റർ. സമീപ പ്രദേശങ്ങളിൽ ഹോം സ്റ്റേകളും റിസോർട്ടുകളുമുണ്ടെങ്കിലും ഇത് സാധാരണക്കാർക്ക് അപ്രാപ്യമാണ്.

സർക്കാർ

അനുമതി ലഭിച്ചില്ല

ടൂറിസം സെന്ററിന്റെ പാർക്കിങ്ങിനായി സ്ഥലം വാങ്ങാൻ കാമാക്ഷി പഞ്ചായത്ത് സന്നദ്ധമാണെങ്കിലും ഇതിന് സർക്കാർ അനുമതി ലഭിച്ചിട്ടില്ല. നിലവിൽ കോടികൾ ചിലവഴിച്ച ടൂറിസം സെന്റർ കാടുകയറി നശിക്കുകയാണ്.