ഉടുമ്പന്നൂർ: ജില്ലയിലെ പ്രഥമ ഗ്രാമവണ്ടി സർവീസ് ഇന്ന് ഉടുമ്പന്നൂർ പഞ്ചായത്തിൽ ആരംഭിക്കും. വിവിധ വാർഡുകളെ തമ്മിൽ ബന്ധിപ്പിച്ച് കെ.എസ് ആർ.ടി.സിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 8.15ന് തൊടുപുഴയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് വൈകിട്ട് 5.40ന് തിരികെ തൊടുപുഴയിലേക്ക് എത്തും. ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു അവധിദിനങ്ങളിൽ സർവീസ് ഉണ്ടാവില്ല. പൊതുഗതാഗത സംവിധാനം കുറവുള്ള പ്രദേശങ്ങളെ കോർത്തിണക്കിയാണ് സർവീസ്. പഞ്ചായത്തിലെ 5 വാർഡുകൾ കൂടിച്ചേരുന്ന കമ്പനിപ്പടി, തട്ടക്കുഴ എന്നീ പ്രദേശങ്ങളിലേക്ക് ഉടുമ്പന്നൂരിൽ നിന്ന് ബസ് സൗകര്യം ഇല്ല. വലിയൊരു തുക ഓട്ടോകാശ് നൽകിയാണ് യാത്ര ചെയ്യുന്നത്. രാവിലെ എട്ടിന് പാറേക്കവലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഗ്രാമവണ്ടിയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും നിർവ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഷാജി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.
ചെലവ് വഹിക്കുക പഞ്ചായത്ത്
വണ്ടിയുടെ ഡീസൽ ചെലവ് പൂർണമായും പഞ്ചായത്ത് വഹിക്കും. ആറ് ലക്ഷം രൂപയുടെ പ്രൊജക്ട് തയ്യാറാക്കിയിട്ടുണ്ട്. വാഹന അറ്റകുറ്റപണി, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ കെ.എസ്.ആർ.ടിസി വഹിക്കും. പ്രതിദിനം ഡീസൽ ഇനത്തിൽ 2000 രൂപ മുകളിലാണ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ അഡ്വാൻസായി കെ.എസ്.ആർ.ടി.സിയിൽ കെട്ടിവെയ്ക്കണം. ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രസിഡന്റ്, സെക്രട്ടറി, കെ.എസ് ആർ.ടി.സി ഉദ്യോഗസ്ഥൻ, പഞ്ചായത്ത് നിർദ്ദേശിക്കുന്ന സാങ്കേതിക വിദഗ്ദ്ധൻ എന്നിവർ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഗ്രാമവണ്ടി
പൊതുഗതാഗത സൗകര്യം കുറവുള്ള സ്ഥലങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവ്വീസ് ആരംഭിക്കുന്ന പദ്ധതി
'പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുകയാണ് ലക്ഷ്യം. പദ്ധതി നടത്തിപ്പിനോട് താത്പര്യമുള്ളവർക്ക് ഇന്ധനചെലവ് സ്‌പോൺസർ ചെയ്യാനുള്ള സൗകര്യം ഒരുക്കും. പഞ്ചായത്ത് നൽകിയ ഒരു സുപ്രധാന വാഗ്ദാനം കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ""
-എം. ലതീഷ് ( പ്രസിഡന്റ് )
സമയക്രമം
രാവിലെ 8.15ന്:- തൊടുപുഴ - പാറേക്കവല
9: പാറേക്കവല - ചെപ്പുകുളം സി.എസ്.ഐ പള്ളി
10: ചെപ്പുകുളംസി.എസ്.ഐ പള്ളി - പാറേക്കവല
10.45: പാറേക്കവല - ഓലിക്കാമറ്റം
11.15: ഓലിക്കാമറ്റം- ഉടുമ്പന്നൂർ അമയപ്ര പാറേക്കവല
ഉച്ചയ്ക്ക് 12: പാറേക്കവല- ചെപ്പുകുളം സി.എസ്.ഐ പള്ളി
12.40: ചെപ്പുകുളം- സി.എസ്.ഐ പള്ളി- ഓലിയ്ക്കാമറ്റം- ഉടുമ്പന്നൂർ
1.50: ഉടുമ്പന്നൂർ- ഉപ്പുകുന്ന് സി.കെ കട
2.55: ഉപ്പുകുന്ന് സി.കെ കട- ഉടുമ്പന്നൂർ
4.15: ഉടുമ്പന്നൂർ - ചെപ്പുകുളം
4.55: ചെപ്പുകുളം- കച്ചിറാമൂഴി
5.40: കച്ചിറാമൂഴി- തൊടുപുഴ