rishinadh

വണ്ണപ്പുറം: വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടി പതിനാലുകാരനായ വിദ്യാർത്ഥി. വണ്ണപ്പുറം മാനാക്കുഴിയിൽ ഋഷിനാഥാണ് സഹായം തേടുന്നത്. വണ്ണപ്പുറം എസ്.എൻ.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഋഷിനാഥിന്റെ ഇരു വൃക്കകളും പ്രവർത്തിക്കുന്നില്ല. വൃക്ക മാറ്റുന്നതിനായി 35 ലക്ഷം രൂപയോളം ചെലവ് വരും. നിലവിൽ ജീവൻ നിലനിറുത്തുന്നത് മരുന്നിന്റെയും ഡയാലിസിസിന്റെയും പിൻബലത്തിലാണ്. മരുന്നിന് തന്നെ മാസം പന്ത്രണ്ടായിരത്തിലേറെ രൂപ വേണം. പനിയും ഛർദ്ദിയുമായി ആഗസ്റ്റ് 23നായിരുന്നു തുടക്കം. സ്ഥിരമായി മരുന്ന് വാങ്ങിയിരുന്ന സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തിയെങ്കിലും വൃക്കയുടെ തകരാർ കണ്ടെത്തിയിരുന്നില്ല. തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇരുവൃക്കകളും പ്രവർത്തനരഹിതമായെന്ന് കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം പ്രൊഫ. ഡോ. വി. ഉണ്ണിക്കൃഷ്ണൻ രാമചന്ദ്രന്റെ ചികിത്സയിലാണ്. എം.പി. സുനിൽകുമാറിന്റെയും പരേതയായ മിനിയുടെയും മകനാണ്. കുട്ടിയുടെ അമ്മ കാൻസർ ബാധിച്ച് ദീർഘനാളത്തെ ചികിത്സയ്ക്കൊടുവിൽ 2022 ജൂലായ് 21നാണ് മരിച്ചത്. നിർദ്ധന കുടുംബമായ ഇവർ ചികിത്സയ്ക്കായി ഇതിനോടകം ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ചെലവഴിച്ചു. ജീവിതം തന്നെ മുമ്പോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഋഷി നാഥിനെ അസുഖം ബാധിച്ചത്. സുനിലിന്റെയും മകന്റെയും പേരിൽ വണ്ണപ്പുറം ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40355101041660. ഐ.എഫ്.എസ്.സി: KLGB 0040355. ഫോൺ: 9961490068.