
കട്ടപ്പന: അടിമാലി -കുമളി ദേശീയപാതയിൽ വെള്ളയാംകുടി സ്‌കൂൾ ജങ്ഷനുസമീപം ദേശീയപാതയോരത്തെ മൺകൂന അപകടകെണിയാകുന്നു. വെള്ളയാംകുടി സ്‌കൂൾ ജങ്ഷനും എസ്എംഎൽ ജങ്ഷനും ഇടയിലാണ് വർഷങ്ങളായി വഴിയോരത്ത് കിടക്കുന്ന മൺകൂന ഭീഷണി സൃഷ്ടിക്കുന്നത്. നിരവധി കാൽനട യാത്രക്കാരാണ് ഇവിടെ അപകടത്തിൽപ്പെട്ടിട്ടുള്ളതും. ദേശീയപാതയോരത്തേ ടൈലുകൾ പാകിയ ഐറിഷ് ഓടയിൽ മണ്ണ് കൂനകൂടി അടിഞ്ഞതോടയാണ് അപകടഭീക്ഷണിയായി മാറിയിരിക്കുന്നത്. പത്ത് വർഷം മുമ്പ് വീതി കൂട്ടി റോഡ് നിർമിക്കമ്പോൾ മതിയായ വീതിയിലായിരുന്നു ഐറിഷ് ഓട ഇവിടെയുണ്ടായിരുന്നത്. കാലക്രമേണ സ്വകാര്യഭൂമിയിൽ നിന്ന് മണ്ണ് ഇടിഞ്ഞുവീണതോടെ വീതി രണ്ടടിയിലും കുറവായി ചുരുങ്ങി. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്ര ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് മൂന്നുവർഷമായി അപകടഭീഷണി ഉണ്ടായിട്ടും ദേശീയപാത അധികൃതർ യാതൊരുവിധനടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.
കാടുപടലങ്ങൾ വെട്ടിമാറ്റി
മൺകൂനയുടെ ഭാഗത്തെ കാടുപടലങ്ങൾ അപകടഭീഷണിയുടെ ആക്കം കൂട്ടിയത്തോടെ വെള്ളയാംകുടി വി ഹെൽപ്പ് എസ്എച്ച്ജി ഇവ വെട്ടി നീക്കിയിരുന്നു. സമീപത്ത് സ്‌പെഷ്യൽ സ്‌കൂൾ ഉൾപ്പെടെ രണ്ട് സ്‌കൂളുകൾ പ്രവർത്തിക്കുന്നതിനാൽ മൺകൂന ഇവിടെനിന്ന് നീക്കുന്നതും ഏറെ ശ്രമകരമാണ്. അടിയന്തരമായി മണ്ണ് നീക്കം ചെയ്ത് കാൽനടയാത്ര സുഗമമാക്കാൻ വേണ്ടനടപടികൾ ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.