മൂന്നാർ: രണ്ട് മാസത്തെ കാത്തിരുപ്പിനൊടുവിൽ മൂന്നാർ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ വൈദ്യുതിയെത്തി.കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം ഉണ്ടായതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം സ്‌കൂളുകളിൽ സുരക്ഷ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഇവിടെ വൈദ്യുതി ലൈനുകൾ താഴ്ന്ന് കിടക്കുന്നതടക്കമുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഹയർസെക്കണ്ടറി വിഭാഗം കെട്ടിടത്തിലേക്കുള്ള താൽക്കാലിക വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. സ്കൂളിലേയ്ക്കുള്ള കുടിവെള്ള വിതരണവും മുട്ിയിരുന്നു.കഴിഞ്ഞ രണ്ട് മാസമായി സ്‌കൂളിലെ 120 ഓളം വിദ്യാർത്ഥികൾ വൈദ്യുതിയും വെള്ളവുമില്ലാതെ ദുരിതത്തിലായിരുന്നു. ഒപ്പം വൈദ്യുതി ഇല്ലാത്തതിനാൽ സ്മാർട്ട് ക്ലാസ് റൂമുകളുടെ പ്രവർത്തനവും ലാബുകളുടെ പ്രവർത്തനവും നിലച്ചു. വിഷയം മാധ്യമങ്ങൾ പുറത്ത് വിട്ടതോടെയാണ് അധികൃതരുടെ ഇടപെടലുണ്ടാവുകയും പുതിയ കെട്ടിടത്തിന് നമ്പർ ഇട്ട് നൽകുകയും വൈദ്യുതി കണക്ഷൻ ലഭ്യമാക്കുകയും ചെയ്തിട്ടുള്ളത്.ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കൊടുവിൽ സ്‌കൂളിൽ വെള്ളവും വെളിച്ചവും എത്തിയതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും സ്കൂൾ അഅധികൃതരും.