ഇടുക്കി: കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവിയാക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. 10 മാസത്തിനുള്ളിൽ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. എന്നാൽ നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടു വെട്ട്, ഫയർ ലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
നഷ്ടപരിഹാരം കിട്ടും,
പ്രതിഷേധിച്ചാൽ മാത്രം
കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. പീരുമേട് തോട്ടാപ്പുരയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. കാട്ടാന വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.
ഈ വർഷം കൊല്ലപ്പെട്ടവർ
1. ഫെബ്രുവരി 6- കാന്തല്ലൂർ ചമ്പക്കാട് ഗോത്രവർഗ്ഗ കോളനിയിൽ വിമൽ (57)
2. ഫെബ്രുവരി 10- കൊമ്പൻപാറ നെല്ലിവിള പുതുപ്പറമ്പിൽ സോഫിയ ഇസ്മായിൽ (46)
3. ജൂൺ 12- പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത (42)
4. ജൂലായ് 29- കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64)
5. ഒക്ടോബർ 11- ചിന്നക്കനാൽ ചൂണ്ടൽ സ്വദേശി ജോസഫ് (വേലുച്ചാമി- 62)