കട്ടപ്പന: ഇരട്ടയാർ പഞ്ചായത്ത് ഉപയോഗശൂന്യമായ ചില്ലുകുപ്പികൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ് വേസ്റ്റ് കളക്ഷൻ ഡ്രൈവ് 7, 8 തീയതികളിൽ നടക്കും. പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിൽ നിന്ന് ഉപയോഗശൂന്യമായ ചില്ലുകുപ്പികൾ രണ്ട് ദിവസം കൊണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. ഹരിത കർമസേന ഉൾപ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തും. ഓരോ വാർഡുകളിലും പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥലത്ത് വീടുടമകൾ മറ്റ് വ്യാപാരികൾ എന്നിവർ ചില്ലുകുപ്പികൾ എത്തിച്ചുനൽകണം. ഇവിടെ നിന്ന് പഞ്ചായത്തിന്റെ വാഹനത്തിൽ ഇവ ശേഖരിച്ച് എംസിഎഫിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. മാസങ്ങൾക്കുമുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുകയും 20ടൺ ചില്ല് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവിധ സമയങ്ങളിൽ നടത്തിയ ശേഖരണത്തിലുടെ അറുപത്തിയഞ്ച് ടണ്ണോളം ചില്ലുമാലിന്യങ്ങൾ നിലവിൽ ശേഖരിച്ചുകഴിഞ്ഞു. ചില്ലുമാലിന്യം വൻതോതിൽ ലഭിച്ചതോടെ ഇരട്ടയാർ പഞ്ചായത്ത് ടാക്സി സ്റ്റാൻഡിനുസമീപത്തായി ചില്ലുമാലിന്യ സംസ്‌കരണത്തിന് മാത്രമായി ഒരു മിനി എം.സി.എഫും ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് നടത്തുന്ന ഈ ബൃഹത്തായ പദ്ധതിക്ക് പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ പറഞ്ഞു.