കട്ടപ്പന: കട്ടപ്പന ഉപജില്ല പ്രവൃത്തി പരിചയമേളയും ഐ.ടി മേളയും 15ന് മുരിക്കാട്ടുകൂടി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഉപജില്ലയിലെ സ്‌കൂളുകളിൽ നിന്നായി 1500 ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന മേളയുടെ വിജയത്തിനായി കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ ചെയർമാനും പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ ജനറൽ കൺവീനറുമായ 50 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. 15ന് രാവിലെ ഒൻപതിന് ചെയർമാൻ സുരേഷ് കുഴിക്കാട്ടിൽ പതാക ഉയർത്തും. 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ മേള ഉദ്ഘാടനം ചെയ്യും. വൈകിട്ട് സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജോൺ ഉദ്ഘാടനം ചെയ്യും. 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയം അടിസ്ഥാന സൗകര്യങ്ങളാലും അക്കാദമിക നിലവാരത്തിലും ജില്ലയിലെ കലാലയങ്ങളുടെ നിരയിലാണുള്ളതന്നും സ്‌കൂൾ വേദിയാകുന്ന മേള മികവുറ്റതാകുന്നതിനായുള്ള ഊർജ്ജിതമായ പ്രവർത്തനത്തിലാണ് സംഘാടക സമിതിയെന്നും സംഘാടക സമിതി ഭാരവാഹികളായ ജനറൽ കൺവീനർ പ്രിൻസിപ്പൽ കെ.എൽ സുരേഷ് കൃഷ്ണൻ, കൺവീനറായി ഡോ. വി.ജെ പ്രദീപ് കുമാർ, ജോയിന്റ് ജനറൽ കൺവീനറായി എച്ച്.എം ഇൻചാർജ് ഷിനു മാനുവൽ രാജൻ, വൈസ് ചെയർമാൻ പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി, പബ്ലിസിറ്റി കൺവീനർ പി.എസ് ലിറ്റിമോൾ എന്നിവർ പറഞ്ഞു.