തൊടുപുഴ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്‌ഷോപ്സ് കേരള (എ.എ.ഡബ്ല്യു.കെ) ജില്ലാ കമ്മിറ്റി നാളെ രാവിലെ 10ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ സെക്രട്ടറി നിസാർ എം. കാസിം അറിയിച്ചു. പൈനാവിൽ നിന്ന് തുടങ്ങുന്ന മാർച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പഴയ വാഹനങ്ങൾക്കുള്ള അന്യായ നികുതി പിൻവലിക്കുക, വർക്‌ഷോപ് മേഖലയിൽ തൊഴിലെടുക്കുന്നവരെയും കുടുംബത്തെയും സംരക്ഷിക്കുക, മോട്ടർ തൊഴിലാളി, വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധി ലയനം പൂർത്തിയാക്കുക, പഴയ വാഹനങ്ങളുടെ റീ ടെസ്റ്റിങ് ഫീസ് വർദ്ധന പിൻവലിക്കുക, സ്‌ക്രാപ്പേജ് പോളിസി പിൻവലിക്കുക, ചെറുകിട വർക്‌ഷോപ്പുകളെ പൊല്യൂഷൻ പരിധിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നടപടി ഉണ്ടായില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ച് സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. മീരാണ്ണൻ, ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് എ.ജെ. ജോസ്, ട്രഷറർ സുമേഷ് എസ്. പിള്ള എന്നിവർ അറിയിച്ചു.