മൂന്നാർ: നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയ ശേഷം കുറെക്കാലം ശാന്തമായിരുന്ന ചിന്നക്കനാൽ മേഖല വീണ്ടും ഇപ്പോൾ കാട്ടാന ഭീതിയിലായി. ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ രണ്ട് ഒറ്റയാൻമാരാണ് ഇപ്പോൾ ജനജീവിതത്തിന് ഭീഷണി ഉയർത്തുന്നത്. ചിന്നക്കനാൽ, സിങ്കുകണ്ടം, ബിഎൽറാം, ആനയിറങ്കൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും ഇവയുടെ ഉപദ്രവമുള്ളത്. ആദ്യമൊക്കെ രാത്രികാലങ്ങളിൽ മാത്രം ജനവാസ മേഖലകളിൽ ഇറങ്ങി വന്നിരുന്ന ഈ കാട്ടാനകൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകലും ഇറങ്ങാൻ തുടങ്ങിയതാണ് ഏറെ പ്രശ്നമായിട്ടുള്ളത്. കൃഷികൾ നശിപ്പിക്കുന്നതു കൂടാതെ ജനങ്ങൾക്ക് പുറത്തിറങ്ങി സഞ്ചരിക്കാനും ഭയപ്പെടുകയാണ്. സ്‌കൂളിൽ പോകാൻ വിദ്യാർത്ഥികളും തോട്ടങ്ങളിലും മറ്റും ജോലിക്ക് പോകുന്നതിന് തൊഴിലാളികളും ഭയപ്പെടുകയാണ്. വനത്തിൽ ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്തതാകാം ഇവ ജനവാസ മേഖലകളിലേക്കിറങ്ങാൻ കാരണമെന്നാണ് പറയപ്പെടുന്നത്. ആനശല്യം രൂക്ഷമായതോടെ തമിഴ്നാട്ടിൽ നിന്ന് ഇവിടെ ജോലിക്കെത്തുന്നവരുടെ എണ്ണം കുറയുകയാണ്. കാട്ടാനകൾ മദിച്ചു നടക്കുമ്പോൾ ജീവഭയത്തോടെയാണ് ഇവരുടെ ജീവിതം. നിരന്തരമായി ആനയാക്രമണം ഉണ്ടായിട്ടും അധികൃതരുടെ ശ്രദ്ധ ഇവിടേക്ക് എത്തുന്നില്ല. പ്രദേശത്തെ ഏലക്കൃഷിയടക്കമാണ് ആനകൾ നശിപ്പിക്കുന്നത്. കൃഷി ഉപജീവനമായവർക്ക് ഇതുണ്ടാക്കുന്ന നഷ്ടം വലുതാണ്. ജീവൻ പണയംവച്ച് വെളിയിലിറങ്ങി പടക്കം പൊട്ടിക്കുകയോ ഉച്ചത്തിൽ വിളിച്ച് ആനയെ തുരത്തുകയോ ചെയ്യുന്നതു മാത്രമാണ് പ്രതിരോധം. ആനകളുടെ സാന്നിദ്ധ്യം കൂടുതലായതിനാൽ ജനങ്ങൾ രാത്രി പേടിയോടെയാണ് പുറത്തേക്കിറങ്ങുന്നത്. ഭയം വിതയ്ക്കുന്ന രാത്രികൾ എന്ന് അവസാനിക്കുമെന്ന ആശങ്ക മാത്രമാണ് ഇവർക്കു മുന്നിൽ.

പുറത്തിറങ്ങാൻ ഭയം

ആനകളെപ്പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ബി.എൽ.റാം സ്വദേശികൾ. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ബോഡിമെട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ബിഎൽ റാം. സംസ്ഥാന അതിർത്തിയിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ഏറ്റവും അറ്റത്തെ വാർഡാണിത്. പകലും രാത്രിയുമില്ലാതെ മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്നത് നാടിന്റെ സമാധാനം തന്നെ തകർത്തിരിക്കുകയാണ്. വൈകിട്ട് കാട്ടിൽ നിന്ന് ആനകൾ ജനവാസമേഖലയിലേക്ക് എത്തും. എന്നിട്ട് രാത്രി മുഴുവൻ ബിഎൽ റാം ടൗൺ പരിസരത്ത് വിഹരിക്കും. വനം വകുപ്പ് കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ലെന്ന് പരാതി.