ചെറുതോണി: ഭൂപതിവ് ചട്ടഭേദഗതിയിലും ദേശീയപാത വികസനത്തിലും ഭൂപ്രശ്നങ്ങളിലും ജില്ലയെ വഞ്ചിച്ച മന്ത്രി റോഷി അഗസ്റ്റിൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രതിഷേധ യോഗത്തിന് ശേഷം പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പൊലിസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വനിതാ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെ ജില്ലാ നേതാക്കൾ ഉൾപ്പെടെ പൊലിസ് വാഹനത്തിന്റെ മുകളിൽ കയറി പ്രതിഷേധിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ ചെറുതോണി പൊലീസ് കേസെടുത്തു. പിണറായി സർക്കാരും പാർട്ടിയും കൊള്ള സംഘമായി മാറിയെന്നും ചട്ടഭേദഗതിയിലൂടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുമ്പോൾ ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണ് സിപിഎം ചെയുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ചട്ടഭേദഗതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ല. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു രൂപ പോലും പിഴയീടാക്കാതെ എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിച്ച് നൽകും. ഭാവിയിലേക്ക് ഒരു നിയന്ത്രണവും ഇല്ലാതെ ബിൽഡിംഗ് റൂൾ പ്രകാരം നിർമ്മാണങ്ങൾക്ക് അനുമതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് നൽകിയ ഉറപ്പിലൂടെ യു.ഡി.ഫ് ജനങ്ങളോടൊപ്പമാണെന്ന് തെളിയിച്ചു. വികസന പ്രവർത്തനനങ്ങൾ അട്ടിമറിക്കാനും ബി.ജെ.പി- സി.പി.എം രഹസ്യബാന്ധവമാണെന്ന് ദേശീയ പാത വികസനം അട്ടിമറിച്ചതിലൂടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി അംഗം എ.പി ഉസ്മാൻ, യുത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ. ജോൺ, ജോബി സി. ജോയി, ജോബിൻ മാത്യു, സോയിമോൻ സണ്ണി, ജോമോൺ പി.ജെ, ഷിൻസ് ഏലിയാസ്, ജില്ലാ ഭാരവാഹികളായ ടോണി തോമസ്, ശാരി ബിനുശങ്കർ, മനോജ് രാജൻ, രെജിത്ത് രാജിവ്, ടി.എസ്. ഫൈസൽ, ഷാനു ഷാഹുൽ, ബിബിൻ അഗസ്റ്റിൻ, മുനീർ സി.എം, മുകേഷ് മോഹനൻ, ആലിയ ദേവി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:പൊലിസ് യൂത്ത് കോൺഗ്രസ്പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നു
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനിടെ പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ജില്ലാ വൈ. പ്രസിഡന്റ് ടോണി തോമസ്