തൊടുപുഴ: പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ട് കുട്ടികളടക്കം മൂന്നു പേർക്ക് പരിക്കേറ്റു. കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ വിദ്യാർത്ഥികളായ തൊടുപുഴ മണക്കാട് രാജേഷ് ഭവനിൽ ശ്രീരാജ് (15), നവീൻ, ശ്രീരാഗിന്റെ മുത്തച്ഛൻ രാജു (72) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ 8.40ന് മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ശ്രീരാജ് സ്‌കൂളിലേയ്ക്ക് പോകുന്ന വഴി പെരുന്തേനീച്ചകൾ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിൻകോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പെരുന്തേനീച്ചകൾ ദേഹമാസകലം കുത്തിയിരുന്നു. മുഖത്തും കഴുത്തിലും കുത്തി. രാജുവിന്റെ മുഖത്തും ചെവികളിലുമാണ് കുത്തേറ്റത്. ഇതിന് പുറമെ നിരവധി നാട്ടുകാർക്കും പെരുന്തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റവരെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.