ചെറുതോണി: സത്യവാങ്മൂലം നൽകിയിട്ടും കോൺഗ്രസ് സമരം എന്തിനെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി. യാഥാർത്ഥ്യങ്ങൾ അറിഞ്ഞിട്ടും കോൺഗ്രസും യൂത്ത് കോൺഗ്രസും അവരുടെ പിന്തുണ ഉള്ള കടലാസ് സംഘടനകളും അടിമാലിയിലും ചെറുതോണിയിലും വഴി തടയുന്നത് ഉൾപ്പെടെയുള്ള സമരാഭാസങ്ങൾ സംഘടിപ്പിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അണികളെ കേസിൽ കുരുക്കി തളച്ചിടുന്നതിനും മാത്രമായിരുന്നു. സമരം ആഹ്വാനം ചെയ്ത നേതാക്കൾ സത്യവാങ്മൂലം സർക്കാർ നൽകി എന്ന വസ്തുത മറച്ച് വെച്ച് രാഷ്ട്രീയ ലാഭം മാത്രം മുൻ നിർത്തി അണികളെ വിഡ്ഢികളാക്കി സമരത്തിന് തെരുവിലിറക്കുകയായിരുന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന അവകാശവാദവുമായി കോൺക്ലേവ് സംഘടിപ്പിച്ച വി.ഡി. സതീശനും കൂട്ടരുമാണ് മലയോര മേഖലയെ മുഴുവൻ പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്നതിനും ബഫർസോണും കസ്തുരിരംഗൻ റിപ്പോർട്ടും നടപ്പിലാക്കുന്നതിനും നേതൃത്വം നൽകിയത്. ജില്ലയിലെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട് 2016 മുതൽ വിവിധ കേസുകൾ നൽകിയത് അന്നത്തെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും കേസ് വാദിച്ചത് ഇപ്പോൾ കോൺഗ്രസ് എം.എൽ.എയുമായ അഭിഭാഷകനുമാണ്. നിർമ്മാണ നിരോധനം ഒഴിവാക്കുന്നതിന് നിയമ ഭേദഗതി വേണമെന്ന് സർക്കാർ കൊണ്ട് വന്ന നിർദേശത്തെ സഭയ്ക്കുള്ളിൽ ഏകകണ്ഠമായാണ് പാസ്സാക്കിയത്. നിയമസഭയ്ക്ക് അകത്ത് ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. യാഥാർത്ഥ്യം മറച്ച് വെച്ച് സമര കോലാഹലങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ പ്രൊഫ. കെ.ഐ. ആന്റണി, രാരിച്ചൻ നീറാണാകുന്നേൽ, റെജി കുന്നംകോട്ട്, അഡ്വ. മനോജ് എം. തോമസ്, അഡ്വ എം.എം. മാത്യു, ടി.പി. മൽക്ക, സി.എം. കുര്യാക്കോസ്, ഷിജോ തടത്തിൽ, ജെയിംസ് മ്ലാക്കുഴി, വി.ജെ. മാത്യു, ഷാജി കാഞ്ഞമല, ജിൻസൺ വർക്കി, ജിമ്മി മറ്റത്തിപ്പാറ എന്നിവർ പ്രസംഗിച്ചു.