അടിമാലി: തകർന്ന റോഡ് നിർമ്മാണം വിവാദത്തിലേക്ക്. കൊന്നത്തടി പഞ്ചായത്തിൽ 2010 കാലഘട്ടത്തിൽ അനുവദിച്ച് ഭാഗികമായി പണി പൂർത്തിയാക്കിയഇഞ്ചപ്പതാൽവട്ടക്കണ്ണിപ്പാറ റോഡിന്റെ ഭാഗമായ കാക്കാ സിറ്റി പുരയിടം സിറ്റി റോഡിന്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വിവാദം പുകയുന്നത്.തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡിന്റെ രണ്ട് കിലോമീറ്ററോളം ദൂരം ഗതാഗത യോഗ്യമാക്കുന്നതിനായി പഞ്ചായത്ത് ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. കോൺക്രീറ്റ് ചെയ്യുന്നതിനും,ടൈൽ വിരിക്കുന്നതിനും തീരുമാനമായെങ്കിലും, ഒരു വിഭാഗം ടാറിംഗ് വേണമെന്ന വാദവുമായി എത്തിയതാണ് പ്രതിസന്ധി ഉണ്ടാക്കിയത്.ആളുകൾ പഞ്ചായത്തിൽ പരാതിയുമായി എത്തിയതോടെ ടാറിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് ആലോചിപ്പോൾ 48 ലക്ഷം രൂപക്ക് ടാറിംഗ് ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വന്നതിന്റെ അടിസ്ഥാനത്തിൽ പുനരാലോചന നടത്തിയിരുന്നു. തുടർന്ന് പഞ്ചായത്തിൽ നിന്നുംഡി പി സിക്ക് അനുവാദത്തിനായി വെക്കുകയും ചെയ്തു. മുമ്പ് ഫണ്ട് അനുവദിച്ച് ടി എസ് ലഭിച്ചതു പ്രകാരം നിർമ്മാണ ആരംഭിച്ച ജോലികൾ ഒരു വിഭാഗം തടഞ്ഞതായാണ് ആരോപണം ഉയരുന്നത്.പ്രതിഷേധ സൂചകമായി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ പ്രസാദ് ഇന്ന് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഉപവാസ സമരം നടത്തുമെന്ന് ജനാർദ്ദനൻ പാനി പ്ര, പൊൻമുടി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോസ് കൊച്ചുപുര, കാക്കാസിറ്റി മുസ്ലിം പള്ളി ഉസ്താദ് ഷാനവാസ് ഹക്കിം വാകമി, അക്ബർ, ജയൻ തെക്കുംപുറം, ബിനോയി തോമസ് എന്നിവർ അറിയിച്ചു.