kpn
കഴിഞ്ഞ ദിവസം കുന്തളംപാറ റേഷൻകടപ്പടിയിൽ വാഹനം ഇടിച്ചതിനേ തുടർന്ന് തോട്ടിൽ പതിച്ച കോൺക്രീറ്റ് ബാരിയറുകൾ.

കട്ടപ്പന: പാറക്കടവ് ബൈപ്പാസ് റോഡിൽ കാർ ഇടിച്ച് കോൺക്രീറ്റ് ബാരിയറുകൾ തകർന്നു. ഞായറാഴ്ച രാത്രി കുന്തളംപാറ റേഷൻകടപ്പടിയിലാണ് അപകടം. രണ്ട് കോൺക്രീറ്റ് ബാരിയറുകൾ സമീപത്തെ തോട്ടിൽ പതിച്ചു. അമിതവേഗത്തിലെത്തിയ സിഫ്റ്റ് കാറാണ് അപകടമുണ്ടാക്കിയത്. വലിയ കോൺക്രീറ്റ് ബാരിയറുകൾ തോട്ടിലെ വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഇത് മാലിന്യം കെട്ടിക്കിടക്കാൻ കാരണമാകും. ബാരിയറുകൾ തിരികെ സ്ഥാപിച്ച് ബലപ്പെടുത്താൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതേസമയം ഇവിടെ അപകടങ്ങൾ തുടർക്കഥയാണ്. ഏതാനും നാളുകൾക്കു മുമ്പ് നഷ്ടമായ കാർ തോട്ടിലേക്കും മറിഞ്ഞിരുന്നു. ഇവിടത്തെ വലിയ വളവും വീതികുറവുമാണ് ഇത്തരത്തിൽ അപകടം ഉണ്ടാകാൻ കാരണമാകുന്നത്. പലപ്പോഴും ഭീതി കുറഞ്ഞ വളവിൽ വാഹനങ്ങൾ തമ്മിൽ ഇടിക്കുന്നതും പതിവാണ്. അതിനോടൊപ്പം ഇവിടെനിന്ന് പോക്കറ്റ് റോഡിലേക്ക് കയറുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവ്. ഇതുകൂടാതെ കാൽനടയാത്രക്കാർക്ക് നടക്കാനുള്ള സ്ഥലം ഇല്ലാത്തതും സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കും ഭീഷണി സൃഷ്ടിക്കുന്നു. അടിയന്തരമായി റോഡിന്റെ അപാകത പരിഹരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.